
ബ്രിട്ടൻ: കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന്, ഏഷ്യൻ വംശജരിൽ നിന്ന് കൂടുതൽപ്പേരെ ക്ഷണിച്ച് ബ്രിട്ടൻ. രാജ്യത്ത് നടക്കുന്ന ആറ് വാക്സിൻ പരീക്ഷണങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ വംശജരുടെ പങ്കാളിത്തം തീരെ കുറവാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. വാക്സിൻ പരീക്ഷണത്തിന് രജിസ്റ്റർ ചെയ്ത 2.70 ലക്ഷം പേരിൽ പതിനൊന്നായിരം പേർ മാത്രമാണ് ഏഷ്യൻ വംശജർ.
കറുത്ത വർഗക്കാരിൽ നിന്ന് 1,200 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കാതെയുള്ള വാക്സിൻ പരീക്ഷണം ഫലപ്രദമാകില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വാക്സിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കേണ്ട ഭാഗങ്ങളിൽ നിന്നുള്ളവർ ഇതിൽ നിന്ന് മാറി നിൽക്കുന്നത് വാക്സിന്റെ വിജയസാദ്ധ്യതയെ ബാധിക്കുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. വാക്സിൻ പരീക്ഷണം അപകടകരമാകുമെന്ന രീതിയിലെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും വാക്സിൻ പരീക്ഷണം സുരക്ഷിതത്വം ഉറപ്പ് വരുത്തിയാണെന്നും ഗവേഷകർ വ്യക്തമാക്കി. കൃത്യമായ പ്രോട്ടോക്കോളുകൾ പാലിച്ചാണ് വാക്സിൻ നിർമ്മാണം.
കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും തങ്ങളുടെ ഭാഗം ചെയ്യണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. ബ്രിട്ടനിൽ വെളുത്ത വർഗക്കാർക്ക് പുറമേ ഏറ്റവുമധികം കൊവിഡ് മരണം നടന്നിട്ടുള്ളത് ഏഷ്യൻ വംശജരിലാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.