kpa-majeed-mani-c-kappan

തിരുവനന്തപുരം: ജോസ് കെ മാണിയുടെ തീരുമാനം അപക്വമാണെന്ന് വിലയിരുത്തി മുസ്ലീംലീഗ്. മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് ഘടകകക്ഷികളെന്ന നിലയിൽ നല്ല പരിഗണനയാണ് ലീഗിനൊപ്പം കേരളകോൺഗ്രസിനും കിട്ടിയിരുന്നത്. ഇടതുമുന്നണിയിലേക്ക് ജോസ് കെ മാണിയും നേതാക്കളും പോകുമെങ്കിലും ഭൂരിപക്ഷം അണികളും യു.ഡി.എഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.

യു.ഡി.എഫിൽ നിന്ന് പുറത്തായ ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നത്?

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം പ്രതീക്ഷിച്ചത് തന്നെയാണ്. അതിൽ വലിയ അത്‌ഭുതമൊന്നുമില്ല. മുന്നണിയിൽ നിന്ന് ജോസ് വിഭാഗത്തെ നിലപാടുകളുടെ പേരിൽ താത്ക്കാലികമായി മാറ്റിനിർത്തുകയായിരുന്നു. അതിനെ ആരും മുന്നണിയിൽ നിന്ന്‌ പുറത്താക്കിയതായി വ്യാഖ്യാനിച്ചിട്ടില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവ് ഉൾപ്പടെയുളളവർ വ്യക്തമാക്കിയതാണ്. യു.ഡി.എഫ്‌ വിട്ട്‌ ഇടതുമുന്നണിയിൽ ചേരാൻ ജോസ്‌ കെ മാണി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ് മനസിലാക്കേണ്ടത്. ഈ തീരുമാനം കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ല. കേരള കോൺഗ്രസിന്റെ അണികളും അവരുടെ അനുഭാവികളും ഒരിക്കലും അംഗീകരിക്കില്ല. അവരെല്ലാം യു.ഡി.എഫിൽ തന്നെ നിൽക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

മദ്ധ്യതിരുവിതാംകൂറിൽ യു.ഡി.എഫിന്റെ വോട്ട്ബാങ്കിനെ ബാധിക്കുന്ന ഒരു തീരുമാനമല്ലേ ഇത്?

കേരളകോൺഗ്രസ് മുന്നണി വിട്ടത് ഒരു തരത്തിലും യു.ഡി.എഫിനെ ബാധിക്കില്ല. മദ്ധ്യതിരുവിതാംകൂറിൽ യു.ഡി.എഫ് അടിത്തറ ഭദ്രമാണ്. ജോസിന്റെ ഈ തീരുമാനം കേരളകോൺഗ്രസ് എമ്മിനെ തന്നെ അപകടപ്പെടുത്തുന്ന തീരുമാനമാണ്. അതുകൊണ്ടാണ് ഈ തീരുമാനത്തിന്റെ വെളിച്ചത്തിൽ അസംതൃപ്‌തർ യു.ഡി.എഫിന് ഒപ്പം നിൽക്കുമെന്ന് പറയുന്നത്. കേരള കോൺഗ്രസിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ അവരോട് സി.പി.എം കാണിച്ചിട്ടുളള സമീപനം നമുക്ക് മനസിലാകും. അത് അറിയാവുന്നവർക്ക് ഒരിക്കലും സി.പി.എമ്മിനൊപ്പം നിൽക്കാൻ കഴിയില്ല.

വാർത്താസമ്മേളനം മുഴുവൻ ജോസ് കെ മാണി കുറ്റം പറഞ്ഞത് കോൺഗ്രസ് നേതൃത്വത്തെയാണ്. യു.ഡി.എഎഫിനേയും വിമർശിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം ശരിയായിരുന്നോ?

വിട്ടു പോകുമ്പോൾ പറയാവുന്ന ന്യായീകരണങ്ങൾ എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാണിസാറിനെ വേട്ടപ്പട്ടികളെപ്പോലെ വേട്ടയാടിയവരാണ്‌ സി.പി.എമ്മും എൽ.ഡി.എഫും. അവിടേക്കാണ്‌ ജോസ്‌ കെ.മാണി നടന്നു കയറിയത്‌. നിയമസഭയിലെ കയ്യാങ്കളി കേസ്‌ പിൻവലിക്കാൻ കേരള സർക്കാർ തീരുമാനം എടുത്തപ്പോഴും ആ നിലപാട്‌ തെറ്റാണെന്ന്‌ പറയാൻ ജോസ്‌ തയ്യാറായില്ല. യു.ഡി.എഫിൽ ആരും ജോസ്‌ കെ.മാണിയെ വേദനിപ്പിച്ചിട്ടില്ല. അദ്ദേഹം പറയുന്നതെല്ലാം ഏകപക്ഷീയമായി പടച്ചുണ്ടാക്കിയതാണ്. അച്ഛനായ മാണിസാറിന്റെ വേദന മകനായ ജോസിന്‌ തിരിച്ചറിയാൻ കഴിയാതെ പോയി. ഒരുപാട് ത്യാഗം സഹിച്ചാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് കോൺഗ്രസ് നൽകിയത്. അത് നല്ലതു പോലെ അദ്ദേഹത്തിനറിയാം. എന്നിട്ടാണ് ഈ ചതി കാണിച്ചത്.

രണ്ട് തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ജോസിന്റെ തീരുമാനം യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ?

രണ്ട് കേരള കോൺഗ്രസുകൾ ഒരുമിച്ച് പോകുന്നത് യു.ഡി.എഫിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾ നേരത്തെ വിലയിരുത്തിയതാണ്. മുന്നണിയുടെ കെട്ടുറപ്പിനെ ഇക്കാര്യം ഒരിക്കലും ബാധിക്കില്ല. ജോസിന്റെ തീരുമാനമായിരുന്നു തെറ്റെന്ന് കാലം തെളിയിക്കും. ജോസഫ് വിഭാഗം യു.ഡി.എഫിനൊപ്പം ഉണ്ടാകും. പരമാവധി സീറ്റുകൾ രണ്ട് തിരഞ്ഞെടുപ്പുകളിലും സ്വന്തമാക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മാനദണ്ഡം വിജയം മാത്രമായിരിക്കും.

മാണി സി കാപ്പൻ പ്രതിപക്ഷനേതാവുമായി ചർച്ച നടത്തിയെന്നാണ് യു.ഡി.എഫ് കൺവീനറിന്റെ വെളിപ്പെടുത്തൽ. ചർച്ചകൾ നടക്കുന്നുണ്ടോ?

അതിന്റെ സ്ഥിരീകരണം ഇന്ന് പറയാറായിട്ടില്ല. അവർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. ലീഗുമായിട്ട് സംസാരിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളുമായാണ് ചർച്ചകൾ നടക്കുന്നത്.