sabarimala

ശബരിമല : തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് 5 ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എം.കെ. സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. വൃശ്ചികം ഒന്നു മുതൽ ഒരുവർഷത്തേക്കുള്ള ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് 17 ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം നടക്കും. ശബരിമലയിലേക്ക് ഒൻപത് പേരും മാളികപ്പുറേത്തക്ക് പത്തുപേരുമാണ് മേൽശാന്തി നിയമനത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി, ശബരിമല സ്പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി, ഹൈക്കോടതി നിരീക്ഷകൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടനം മുതൽ ഒരു വർഷമാണ് കാലാവധി. തുലാമാസ പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി നട അടയ്ക്കും.

ദർശനത്തിന് കർശന നിയന്ത്രണം

കൊവിഡ് പശ്ചാത്തലത്തിൽ ഭക്തർക്ക് കർശന നിയന്ത്രണമുണ്ട്. ദിവസവും 250 പേർക്ക് മാത്രമേ വെർച്വൽ ക്യൂവിലൂടെ ദർശനം അനുവദിക്കൂ. കൊവിഡ് ഇല്ലെന്ന് 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതില്ലാത്തവർക്ക് നിലയ്ക്കലിൽ കൊവിഡ് പരിശോധന നടത്താം. പമ്പാനദിയിൽ ഇറങ്ങിയുള്ള സ്നാനം അനുവദിക്കില്ല. പകരം പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണ് ഭക്തരുടെ മലകയറ്റവും ഇറക്കവും. ഇരുമുടിയുമായി പതിനെട്ടാംപടി കയറിവരുന്ന ഭക്തർ കൊടിമരത്തിന് വലതു വശത്തുകൂടി കയറി ശ്രീകോവിലിന് മുന്നിലുള്ള ആദ്യത്തെയും അവസാനത്തെയും റോയിൽ കയറി ദർശനം നടത്തണം. അഭിഷേകത്തിനായി കൊണ്ടുവരുന്ന നെയ്യ് പ്രത്യേക കൗണ്ടറിൽ ശേഖരിച്ച ശേഷം മറ്റൊരു കൗണ്ടറിലൂടെ ആടിയ ശിഷ്ടം നെയ്യ് നൽകും. അപ്പം, അരവണ കൗണ്ടറുകൾ പ്രവർത്തിക്കും.