
കൊവിഡ് എന്ന മഹാമാരിക്ക് മുന്നിൽ ലോകം പകച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് നമ്മൾ ജീവിതത്തെ മുന്നോട്ടു നയിക്കാൻ യത്നിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ ഒരു വൈറസ് മനുഷ്യന്റെ പ്രതിരോധങ്ങളെയെല്ലാം തകർത്തെറിയുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമായ വാക്‌സിനോ മരുന്നോ കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന്
ഇതേവരെ കഴിഞ്ഞിട്ടുമില്ല. ഇത് സൂചിപ്പിക്കുന്നത് ചിരപുരാതന കാലം മുതൽ പാലിച്ചുപോന്നിട്ടുള്ള ശുചിത്വ മാർഗങ്ങൾ മാത്രമാണ് ഈ വൈറസ് പ്രതിരോധിക്കുന്നതിൽ മനുഷ്യന് സഹായകരമായിട്ടുള്ളൂവെന്നാണ്.
ഈ അടിസ്ഥാന ശിലകളിലൊന്നാണ് കൈകളുടെ ശുചിത്വം. മറ്റു രണ്ട് മാർഗ്ഗങ്ങൾ മാസ്‌ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലുമാണ്. മനുഷ്യ ശരീരത്തിലേക്ക് ഈ രോഗാണു പകരുന്നത് പ്രധാനമായും രണ്ട് വിധത്തിലാണ്. ഒന്ന് നേരിട്ടുള്ള ശ്വാസോച്ഛാസം വഴിയും, രണ്ട് കൈകളിലെ സ്‌പർശം വഴിയോ ശ്വാസകോശത്തിൽ എത്തിച്ചേരുന്നതിലൂടെയുമാണ്. കൊവിഡ് ബാധിതരായ രോഗികളെ നാം അറിഞ്ഞോ അറിയാതെയോ സ്‌പർശിക്കുന്നത് വഴി ഈ വൈറസ് നമ്മുടെ കൈകളിലേക്കും തുടർന്ന് മൂക്കിനടുത്തേക്ക് കൈ എത്തിച്ചാല്‍ (പ്രത്യേകിച്ച് മാസ്‌കില്ലാതെ) അത് മനുഷ്യ ശരീരത്തിലേക്കും എത്തിച്ചേരുകയും അണുബാധയുണ്ടാകുകയും ചെയ്യുന്നു.
കൈകൾ അണുവിമുക്തമാക്കുക എന്നത് ഈ രോഗം പിടിപെടാതിരിക്കാനുള്ള സുപ്രധാന നടപടിയാണ്. കൈകൾ അണുവിമുക്തമാക്കേണ്ടത് പ്രധാനമായും സോപ്പും വെള്ളവും ഉപയോഗിച്ചും അല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചുമാണ്. ഏതെങ്കിലും പ്രതലങ്ങളിൽ സ്‌പർശിച്ച ശേഷമാണ് കൈകൾ നാം ശുചിയാക്കേണ്ടത്. മാസ്‌ക്ക് മാറ്റുന്നതിന് മുമ്പും ശേഷവും കൈകൾ ശുചിയാക്കണം. കൈകളുടെ ശുചിത്വം കോവിഡിനെതിരെ മാത്രമല്ല , എല്ലാ രോഗാണുക്കളെയും ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇത് ഫലപ്രദമാണ്.
ആശുപത്രിൾക്കുള്ളിൽ പടർന്നു പിടിക്കുന്ന ചില അണുബാധകളെയാണ് നോസോക്കോമിയൽ എന്നുവിളിക്കുന്നത്. പ്രധാനമായും വെന്റിലേറ്റർ ഉപയോഗം വഴിയുള്ള ന്യുമോണിയ, ശസ്ത്രക്രിയാനന്തരം ഉണ്ടാകുന്ന അണുബാധ, മൂത്രനാളിയിലെ അണുബാധ, രക്തത്തിലെ അണുബാധ എന്നിവയാണ് ഈ വിഭാഗത്തിൽ വരുന്നത്. ഇത്തരം അണുബാധകൾ പലപ്പോഴും അതീവഗുരുതരമായ അവസ്ഥയിലേക്ക് രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഇവ തടയാൻ ഫലപ്രദമായ മാർഗമെന്ന് ശാസ്ത്രലോകം അംഗീകരിച്ചതും കൈകളുടെ ശുചിത്വമാണ്. രോഗികളെ തൊടുന്നതിന് മുമ്പും അതിന് ശേഷവും ആരോഗ്യ പ്രവർത്തകർ കൃത്യമായി ഹാൻഡ് സാനറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാറുണ്ട്. ഇതെല്ലാം കൊവിഡിന് മുമ്പ് ആരോഗ്യ പ്രവർത്തകർക്കിടയിൽ മാത്രം ചർച്ച ചെയ്യപ്പെട്ടിരുന്ന കാര്യങ്ങളായിരുന്നു. എന്നാൽ, കൊവിഡ് എന്ന വൈറസ് മനുഷ്യരാശിക്ക് തന്നെ വൻ ഭീക്ഷണിയായതോടെ ഇത്തരം ശുചിത്വമാർഗങ്ങൾ മനുഷ്യന്റെ നിലനിൽപ്പിന്റെ തന്നെ അടിസ്ഥാന ശിലകളാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
ഡോ. പി.എസ്. ഷറീഖ്
കൺസൾട്ടന്റ്, ഇൻഫക്ഷ്യസ് ഡിസീസസ്
എസ്.യു.ടി ആശുപത്രി, പട്ടം, തിരുവനന്തപുരം.