kilimanjaro-wildfire

താന്‍സാനിയ: ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയില്‍ വലിയ അഗ്‌നിബാധ. മൂന്ന് ദിവസമായി തുടര്‍ച്ചയായി കത്തുന്ന മലനിരകളില്‍ നിരവധി സസ്യജാലങ്ങള്‍ക്ക് നാശമുണ്ടായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത അത്ര വലിയ അഗ്‌നിബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സസ്യജാലങ്ങളും മറ്റും കത്തി നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്. തീകെടുത്തുന്നതിനായി 500ഓളം വോളണ്ടിയര്‍മാര്‍ കഠിന പരിശ്രമം നടത്തുന്നതായി ടാന്‍സാനിയന്‍ അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ മലനിരകളില്‍ തീപടരുന്നത് വളരെ ദൂരെ നിന്നു നോക്കിയാല്‍ വരെ കൃത്യമായി കാണുവാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ നിരവധി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

അതേസമയം അഗ്‌നിബാധയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ടാന്‍സാനിയ ദേശീയ ഉദ്യാനത്തിന്റെ തലവന്‍ അലന്‍ കിജാസി പറഞ്ഞു. 28 ചതുരശ്ര കിലോമീറ്റര്‍ സസ്യജാലങ്ങളാണ് നശിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, പടര്‍ന്നിരിക്കുന്ന കാട്ടുതീ പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം, ഭാഗ്യവശാല്‍ അഗ്‌നിബാധ ഇതുവരെ പര്‍വതത്തിന്റെ കിഴക്ക് ഭാഗത്തുള്ള താരതമ്യേന ചെറിയ പ്രദേശത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപകമായ നാശനഷ്ടങ്ങള്‍ കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്.


അതേസമയം, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പര്‍വതാരോഹകരുടേയും സഞ്ചാരികളുടേയും ഒരു ഇഷ്ട കേന്ദ്രമാണ് കിളിമഞ്ചാരോ മലനിരകള്‍. 19,443 അടി (5,926 മീറ്റര്‍) ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ സ്വതന്ത്ര മലയാണ് കിളിമഞ്ചാരോ പര്‍വതം.