
വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്.
'രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ബൈഡൻ. അത്തരം ഒരാളോട് തോൽക്കുന്ന കാര്യം ചിന്തിക്കാനാകുമോ? ബൈഡൻ ജയിച്ചാൽ തീവ്ര ഇടതുപക്ഷമാകും രാജ്യത്തെ നിയന്ത്രിക്കുക.'- ട്രംപ് ആരോപിച്ചു. കൊവിഡ് നെഗറ്റീവായതിന് ശേഷം പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
പ്രസംഗിക്കുന്നതിനിടെ ബൈഡൻ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിറ്റ് റോംനിയുടെ പേര് മറന്നുപോയതിനെയും ട്രംപ് വിമർശിച്ചു.
'അവിശ്വസനീയമാണ്. വെറുപ്പുണ്ടാക്കുന്നതാണ്. മാനക്കേടാണ്. ഇദ്ദേഹം ജയിച്ചാൽ അദ്ദേഹമായിരിക്കില്ല ഭരിക്കുക. തീവ്ര ഇടതുപക്ഷം രാജ്യം കയ്യടക്കും. അതിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് എന്നാൽ വളരെ നിസാരമായൊരു തിരഞ്ഞെടുക്കലാണ്. ബൈഡൻ ജയിക്കുകയാണെങ്കിൽ ചൈന ജയിക്കും. അതുപോലുള്ള മറ്റു രാജ്യങ്ങളും ജയിക്കും. എല്ലാവരും നമ്മിൽ പിടിമുറുക്കും. എന്നാൽ ഞാൻ ജയിച്ചാൽ നിങ്ങൾ ജയിക്കും, പെൻസിൽവാനിയ ജയിക്കും. അമേരിക്ക ജയിക്കും. വളരെ നിസാരം. അടുത്ത നാലുവർഷത്തേക്കു കൂടി നാം വൈറ്റ്ഹൗസ് നേടാൻ പോകുന്നുവെന്നും' ട്രംപ് പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ കുടിയേറ്റക്കാരെയും സൈനിക വിന്യാസത്തെയും കുറിച്ചുള്ള ബൈഡന്റെ കാഴ്ചപ്പാടുകളെയും അദ്ദേഹം വിമർശിച്ചു.
'ആഗോളവാദികളുടെയും നിങ്ങളുടെ ജോലികൾ ഇല്ലാതാക്കുകയും ഫാക്ടറികൾ അടച്ചിടുകയും ചെയ്യുന്ന സമ്പന്ന വിഭാഗങ്ങളുടെയും സേവകനാണ് ബൈഡൻ. അത് നിങ്ങൾക്ക് അറിയാം. നിങ്ങൾ ഇവിടെ അത് അനുഭവിച്ചതാണെന്നും' ട്രംപ് കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ട്വിറ്ററിലും ഉൾപ്പെടെ ട്രംപ് ബൈഡനെതിരെ വ്യക്തിപരമായ ഒട്ടനവധി പ്രസ്താവനകൾ നടത്തിയിരുന്നു. ബൈഡൻ ഉറക്കം തൂങ്ങിയാണെന്നും ലഹരിമരുന്ന് പരിശോധന നടത്തണം എന്നതുൾപ്പെടെ പരാമർശങ്ങൾ പലപ്പോഴും വിവാദമാകുകയും ചെയ്തിരുന്നു.