
ദുബായ്: ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബായ് ഫെസ്റ്റിവെൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.കൊവിഡ് കാലമായതിനാൽ നിയന്ത്രണങ്ങളോടെയാണ് ഫെസ്റ്റിവെലിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. എന്നാൽ, എന്തൊക്കെയാണ് നിയന്ത്രണങ്ങൾ എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഷോപ്പിംഗിന് പുറമേ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. തത്സമയ സംഗീത പരിപാടികൾ, സ്റ്റേജ് ഷോ, കുടുംബങ്ങൾക്കായി മറ്റു വിനോദ പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2019 ഡിസംബർ 26 മുതൽ 2020 ഫെബ്രുവരി 1 വരെയായിരുന്നു ഫെസ്റ്റിവൽ നടന്നത്. ഇത്തവണ ഒരാഴ്‍ച്ച നേരത്തെയാണ് എത്തുന്നത്. ലോകപ്രശസ്ത ഗായകരുടെ സംഗീത നിശയോടെയായിരിക്കും പരിപാടി തുടങ്ങുക. സ്‍കൂൾ അവധി ദിവസങ്ങൾ അടക്കം പരിഗണിച്ചാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പരമാവധിപേർക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.