
ചെന്നൈ : മരിച്ചെന്ന് കരുതി 20 മണിക്കൂറോളം സമയം ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 74 കാരൻ അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. തമിഴ്നാട്ടിലെ സേലത്തിനടുത്തുള്ള കണ്ടമ്പട്ടി സ്വദേശിയായ ബാലസുബ്രഹ്മണ്യ കുമാറിനെയാണ് തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിച്ചെന്ന് കരുതി ബന്ധുക്കൾ ഫ്രീസർ ബോക്സിൽ സൂക്ഷിച്ചത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ട് ഫ്രീസർ ബോക്സ് തിരികെ വാങ്ങാനെത്തിയ കമ്പനി ജീവനക്കാരാണ് ബാലസുബ്രഹ്മണ്യ കുമാർ ശ്വസിക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ സേലത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
70 വയസുള്ള സഹോദരൻ ശരവണൻ, സഹോദരി ഗീത എന്നിവർക്കൊപ്പം താമസിച്ചിരുന്ന ബാലസുബ്രഹ്മണ്യ കുമാർ കഴിഞ്ഞ രണ്ട് മാസമായി കിടപ്പിലായിരുന്നു. ഒക്ടോബർ 12നാണ് തന്റെ സഹോദരൻ മരിച്ചെന്ന് കരുതി ശരവണൻ ഫ്രീസർ ബോക്സ് കമ്പനിയെ സമീപിച്ചത്. മൃതദേഹം സൂക്ഷിക്കാൻ ഫ്രീസർ വേണമെന്ന് ഇയാൾ ജീവനക്കാരോട് പറയുകയായിരുന്നു. ഇതനുസരിച്ച് ഫ്രീസർ എത്തിച്ചു നൽകി. തൊട്ടടുത്ത ദിവസം വൈകിട്ടോടെയാണ് ബന്ധുക്കൾ എത്തിയത്.
അതേ സമയം തന്നെ ഫ്രീസർ തിരികെ കൊണ്ടുപോകാൻ കമ്പനി ജീവനക്കാരുമെത്തി. അതിനിടെയാണ് ജീവനക്കാർ ബാലസുബ്രഹ്മണ്യ കുമാറിന് ജീവനുണ്ടെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ബാലസുബ്രഹ്മണ്യ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി പൊലീസിനെ വിവരമറിയിച്ചു. ബാലസുബ്രഹ്മണ്യ കുമാറിന്റെ കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ബാലസുബ്രഹ്മണ്യ കുമാറിന്റെ സഹോദരൻ ശരവണന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചു.