
തിരുവനന്തപുരം: പാളയം കണ്ണിമേറ മാർക്കറ്റിലെ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ മൈനിംഗ് സംവിധാനം പ്രവർത്തനം തുടങ്ങി. കണ്ണിമേറ മാർക്കറ്റിന്റെ റീഹാബിലിറ്റേഷൻ ബ്ലോക്കിന്റെ നിർമ്മാണത്തിനായി മാർക്കറ്റിന് പിറകിലെ മാലിന്യങ്ങൾ മൈനിംഗ് രീതിയിൽ സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ചത്.സി.പി.സി.ബിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടാണ് ഇത്തരത്തിൽ വേസ്റ്റ് നീക്കം ചെയ്യുന്നത്.
മാലിന്യപർവം
നിയന്ത്രണമില്ലാതെ നിരന്തരം ഖരമാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയതിനെ തുടർന്ന് പാളയം മാർക്കറ്റിന് പിറകിൽ മാലിന്യത്തിന്റെ വലിയൊരു കൂമ്പാരം തന്നെ രൂപപ്പെട്ടിരുന്നു. തുടർന്നാണ് ഇത് സംസ്കരിക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനായി സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന എം.എസ്.ജി ഇൻഫ്രാ കമ്പനിക്കാണ് കരാർ നൽകിയിരിക്കുന്നത്. 91 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. മാലിന്യങ്ങളെ ആറായി വേർതിരിച്ചാണ് സംസ്‌കരിക്കുന്നത്. കത്തിച്ചു നശിപ്പിക്കാനാക്കുന്നവ (പേപ്പർ ഉൽപന്നങ്ങൾ അടക്കമുള്ളവ), സിമന്റ് ഫാക്ടറികളിൽ നിന്നുള്ളവ, അസംസ്കൃത മണ്ണ്, കെട്ടിട നിർമ്മാണ മാലിന്യങ്ങൾ, ഗ്ളാസും കടുപ്പമേറിയതുമായ പ്ളാസ്റ്റിക്കുകൾ തുടങ്ങിയവയാണ് സംസ്കരിക്കുന്നത്. ഈ മാലിന്യങ്ങൾ എല്ലാം തന്നെ ജലാശയങ്ങളിലോ ജനവാസ കേന്ദ്രങ്ങളിലോ തള്ളാതെ ശാസ്ത്രീയമായിട്ടായിരിക്കും സംസ്കരിക്കുക. സംസ്കരണ സമയത്ത് ദുർഗന്ധം ഉണ്ടാകാതിരിക്കാനായി സുഗന്ധ വസ്തുക്കൾ സ്‌പ്രേ ചെയ്യും. എയ്റോബിക് കംപോസ്റ്റ് സംവിധാനത്തിലൂടെയായിരിക്കും ഇവ പിന്നീട് സംസ്കരിക്കുക. അതിനുശേഷം ലോറികളിൽ കയറ്റി വിവിധ ഏജൻസികൾക്ക് കൈമാറും.
എട്ട് മണിക്കൂർ ആണ് ജോലി സമയം. ഇത്രയും സമയം കൊണ്ട് 100 ടൺ മാലിന്യം യന്ത്രസഹായത്താൽ സംസ്കരിക്കാനാകും. 4,842 ടൺ മാലിന്യങ്ങൾ പാളയം മാർക്കറ്റിലുണ്ടെന്നാണ് നഗരസഭയുടെ കണക്ക്. മൂന്ന് മാസത്തിനകം മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിനുശേഷം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങും.