
വെറും ഒരു തുമ്മൽ. പക്ഷേ, അത് കണ്ടതാകട്ടെ ഒരുകോടിക്ക് മുകളിൽ ആൾക്കാരും. അതും ഒരാഴ്ചയ്ക്കുളളിൽ. ഇൻഡോനേഷ്യയിലെ കിഴക്കൻ ജാവാ സ്വദേശിയും ഹൈസ്കൂൾ വിദ്യാർത്ഥിനിയുമായ ജിഡാന ഡസ്തൂരിയയാണ് ഈ സ്പെഷ്യൽ തുമ്മൽ തുമ്മിയത്. എല്ലാവരെയും പോലെയാണ് ജിഡാനയും തുമ്മിയതെങ്കിലും സംഗതി അപ്രതീക്ഷിതമായി വൈറലാവുകയാരുന്നു.
കൂട്ടുകാരിക്കൊപ്പം മറ്റൊരു വീഡിയോ ചിത്രീകരിക്കാനുളള ശ്രമത്തിലായിരുന്നു ജിഡാന. ഇതിനുവേണ്ടിയാണ് ക്യാമറയ്ക്കുമുന്നിലെത്തിയത്. പെട്ടെന്നായിരുന്നു തുമ്മൽ. ഓണാക്കിയ കാമറ മുന്നിലുണ്ടെന്നതൊന്നും കാര്യമാക്കാതെ നന്നായൊന്ന് തുമ്മി. ഇത് റെക്കോഡ് ചെയ്തുവെന്ന് വ്യക്തമായതോടെ ഡിലീറ്റ് ചെയ്യാനായി കൂട്ടുകാരിയുടെ ശ്രമം. പക്ഷേ, പണി പാളി. ഡിലീറ്റ് ചെയ്യുന്നതിന് പകരം വീഡിയോ അപ്‌ലോഡുചെയ്തു. അടുപ്പക്കാരുടെയും പരിചയക്കാരുടെയും ഗ്രൂപ്പുകളിലേക്കാണ് വീഡിയോ ആദ്യം എത്തിയത്. പിന്നെയായിരുന്നു കുതിച്ചുചാട്ടം. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ വീഡിയോ എത്തി. അഭിനന്ദന കമന്റുകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്.ഒരു തുമ്മലിലൂടെ ലോക പ്രശസ്തയായെന്ന് വിശ്വസിക്കാൻ ജിഡാനയ്ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.