
1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിന് അടുത്ത് അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും പാർവതി അന്തർജ്ജനത്തിന്റെയും മകനായി ജനനം. ഋഗ്വേദവും ശ്രൗതവിധികളും അച്ഛനിൽ നിന്ന് പഠിച്ചു. കൊടയ്ക്കാട്ട് ശങ്കുണ്ണി നമ്പീശൻ, ടി.പി.കുഞ്ഞുക്കുട്ടൻ നമ്പ്യാർ എന്നിവർ സംസ്കൃതം പഠിപ്പിച്ചു. 14-ാം വയസ് മുതൽ തൃക്കണ്ടിയൂർ കളത്തിൽ ഉണ്ണിക്കൃഷ്ണമേനോന്റെ ശിഷ്യനായി ഇംഗ്ലീഷ്, കണക്ക് പഠനം.
ഏഴാം വയസിൽ കവിതയെഴുത്ത്. ഗുരുവായ ഉണ്ണിക്കൃഷ്ണമേനോൻ ഇടശ്ശേരിയുടെ അടുക്കലെത്തിച്ചു. ഇടശ്ശേരി വലിയ സ്വാധീനമായി.
18-ാം വയസിൽ കുമരനെല്ലൂർ ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ഇന്റർമീഡിയറ്റിന് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നെങ്കിലും അനാരോഗ്യം പഠിപ്പുമുടക്കി. (ജ്ഞാനപീഠം ജേതാവ് എം.ടി.വാസുദേവൻ നായരും കുമരനെല്ലൂർ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്). യോഗക്ഷേമ സഭാ പ്രവർത്തനം തുടർന്നു. വി.ടി. ഭട്ടതിരിപ്പാട്, ഇ.എം.എസ്.നമ്പൂതിരിപ്പാട്, ഒ.എം.സി.നമ്പൂതിരിപ്പാട് എന്നിവരുടെ സെക്രട്ടറിയായി.
വി.ടിയുടെ കരിഞ്ചന്ത നാടകത്തിന്റെ രചന മുതൽ അവതരണം വരെ മുന്നിട്ടു നിന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷിയിൽ ശ്രീധരൻ നായരായും എം.ആർ.ബിയുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം നാടകത്തിൽ അന്തർജ്ജനമായും വേഷമിട്ടു
1940കളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ ദേശീയ പ്രസ്ഥാനത്തിൽ സമരഭടനായി. 1945ൽ ഉണ്ണിനമ്പൂതിരി മാസികയുടെ പ്രസാധകനായി തൃശൂരിലെത്തി ഉറൂബ്, മുണ്ടശ്ശേരി, കെ.കെ.രാജ, ചങ്ങമ്പുഴ, എൻ.വി.കൃഷ്ണവാരിയർ, സി.ജെ.തോമസ്, ബഷീർ എന്നിവരുമായി സൗഹൃദം. മംഗളോദയവുമായി അടുത്തിടപഴകിയ ഇക്കാലത്ത് വീരവാദം, വളകിലുക്കം, ദേശസേവിക, മനോരഥം എന്നീ പുസ്തകങ്ങൾ പുറത്തുവന്നു. 1948ൽ തീണ്ടലിനെതിരെ പാലിയം സത്യാഗ്രഹത്തിൽ പങ്കെടുത്തു. പൊന്നാനി കേന്ദ്രകലാസമിതിയിലും മലബാർ കേന്ദ്രകലാസമിതിയിലും ഉജ്ജ്വലമായിരുന്നു അക്കിത്തത്തിന്റെ പങ്ക്.
1953ലാണ് മലയാള കവിതാ ചരിത്രത്തിലെ നാഴികക്കല്ലായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എഴുതിയത്. 1956ൽ ആകാശവാണിയിൽ ജോലിയായി കോഴിക്കോട്ടെത്തി. രണ്ട് ദശാബ്ദം കോഴിക്കോട്ടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്നു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, പണ്ടത്തെ മേൽശാന്തി, ബലിദർശനം, വെണ്ണക്കല്ലിന്റെ കഥ, തുലാവർഷം, നിത്യമേഘം തുടങ്ങിയ രചനകളും ഇക്കാലത്താണ്. ഉറൂബ്, എൻ.എൻ.കക്കാട്, കെ.എ.കൊടുങ്ങല്ലൂർ, തിക്കോടിയൻ, കെ.രാഘവൻ എന്നീ പ്രതിഭകളും ആകാശവാണിയിൽ സഹപ്രവർത്തകരായിരുന്നു.
1961ൽ അനശ്വരന്റെ ഗാനം, കടമ്പിൻ പൂക്കൾ, വെണ്ണക്കല്ലിന്റെ കഥ, ഇടിഞ്ഞുപൊളിഞ്ഞ ലോകം, സഞ്ചാരികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, അരങ്ങേറ്റം, ഒരു കുടന്ന നിലാവ് എന്നീ പുസ്തകങ്ങൾ. 1985ൽ തൃശൂർ ആകാശവാണി നിലയത്തിൽ നിന്നാണ് വിരമിച്ചത്. പിന്നീട് കുമരനെല്ലൂരിലെ ദേവായനത്തിൽ കാവ്യജീവിതം തുടർന്നു. 1999ൽ ധർമ്മസൂര്യൻ എന്ന കവിത ഗാന്ധിസത്തിന്റെ വെളിച്ചം പകരുന്നു.
ഏഴു വർഷത്തെ നിരന്തര യത്നമാണ് ഭാഗവത വിവർത്തനം. അക്കിത്തം കവിതകൾ- സമ്പൂർണ സമാഹാരം 2002ൽ പുറത്തിറങ്ങി. അക്കിത്തത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങൾക്ക് ഫ്രഞ്ചിലും ഇംഗ്ലീഷിലും ഹിന്ദിയിലും പരിഭാഷയുണ്ടായി. അമേരിക്ക, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിൽ സാഹിത്യ സദസുകളിൽ പങ്കെടുത്തു.
അക്കിത്തത്തിന്റെ സഹധർമ്മിണി ആലമ്പിള്ളി മന ശ്രീദേവി അന്തർജ്ജനം 2019 മാർച്ച് 13ന് നിര്യാതയായി. മക്കൾ: പാർവതി അന്തർജ്ജനം (പാവുട്ടി മന, കാറൽമണ്ണ), ഇന്ദിര ആത്രശ്ശേരി മന (സാഹിത്യ അക്കാഡമി, തൃശൂർ), അക്കിത്തം വാസുദേവൻ (ഫാക്കൽറ്റി ഒഫ് ഫൈൻ ആർട്സ്, എം.എസ്.യൂണിവേഴ്സിറ്റി, ബറോഡ), ശ്രീജ (സംഗീതാദ്ധ്യാപിക), ലീല ഇയ്ക്കാട്ട് മന (ബിസിനസ്, മുംബയ്), നാരായണൻ (ബിസിനസ്, പട്ടാമ്പി).
മരുമക്കൾ: പാവുട്ടി സുബ്രഹ്മണ്യൻ നമ്പൂതിരി (കാറൽമണ്ണ), ത്രിവിക്രമൻ നമ്പൂതിരി (റിട്ട.പ്രൊഫസർ, പുറനാട്ടുകര സംസ്‌കൃത കോളേജ്, തൃശൂർ), മനിന ദോഷി (ചിത്രകാരി, അഹമ്മബാദ്), ഉണ്ണികൃഷ്ണൻ (റിട്ട.ട്രഷറി ഉദ്യോഗസ്ഥൻ, ചെർപ്പുളശേരി), ഇ.എം.നാരായണൻ നമ്പൂതിരി (എൻജിനിയർ, മുംബയ്), ബിന്ദു (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, തൃക്കാവ്, പൊന്നാനി).
സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ, കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, തപസ്യ കലാ സാഹിത്യവേദി പ്രസിഡന്റ്, സംസ്കാര ഭാരതി വൈസ് പ്രസിഡന്റ്, ചങ്ങമ്പുഴ സ്മാരക സമിതി വൈസ് പ്രസിഡന്റ്, ഇടശ്ശേരി സ്മാരക സമിതി പ്രസിഡന്റ്, പാഞ്ഞാൾ വൈദിക് ട്രസ്റ്റ് സാമവേദ പഠനകേന്ദ്രം പ്രസിഡന്റ്, വില്വമംഗലം സ്മാരക ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അവാർഡുകൾ
കേരള സാഹിത്യ അക്കാഡമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, ഉള്ളൂർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക അന്തർജ്ജനം അവാർഡ്, വള്ളത്തോൾ സമ്മാനം, കൃഷ്ണഗീതി പുരസ്കാരം, ബാലഗോകുലം കൃഷ്ണാഷ്ടമി പുരസ്കാരം, ദേവീപ്രസാദം അവാർഡ്, സഞ്ജയൻ പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, അമൃതേശ്വരി അവാർഡ്, കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം, എഴുത്തച്ഛൻ പുരസ്കാരം, ഒ.എൻ.വി പുരസ്കാരം, പത്മശ്രീ.
2019ലെ ജ്ഞാനപീഠം പുരസ്കാരം.സെപ്തംബർ 24നാണ് ജ്ഞാനപീഠ പുരസ്കാരം വസതിയിൽ അദ്ദേഹത്തിന് സമർപ്പിച്ചത്. ഒക്ടോബർ 10ന് ഉണ്ണികൃഷ്ണൻ പുതൂർ അവാർഡും ഇവിടെ വച്ച് സമർപ്പിച്ചിരുന്നു. അതായിരുന്നു അവസാന ചടങ്ങ്.
പ്രധാന കൃതികൾ
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം.