
ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിലും റോഡരികിൽ നടന്ന ബോംബ് സ്ഫോടനത്തിലുമായി 23 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുതൽ തുടർച്ചയായ ഭീകരാക്രമണങ്ങൾക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. സോകൗറ നഗരത്തിലെ സൈനിക ഔട്ട് പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തിൽ 9 സൈനികർക്ക് ജീവൻ നഷ്ടമായതായി സേനാ വക്താവ് അറിയിച്ചു. തുടർന്ന് ഇവിടെ കൂടുതൽ സൈനികരെ വിന്യസിക്കുന്നതിനിടെ റോഡരികിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേറ്റു. നേരത്തെ ഐ.എസ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ 12ഓളം സാധാരണക്കാർ സഞ്ചരിച്ചിരുന്ന മിനി ബസിന് നേർക്ക് ആക്രമണമുണ്ടായതായി മനുഷ്യാവകാശ പ്രവർത്തകൻ വ്യക്തമാക്കി. ബൻകാസ് നഗരത്തിലെ ആഴ്ച ചന്തയിലേക്ക് പോകുകയായിരുന്നു ഇവർ. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. ബോംബ് സ്ഫോടനമാണെന്നാണ് വിവരം. ആക്രമണത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മാലിയിൽ അൽ-ക്വയ്ദയുടെ നിയന്ത്രണത്തിലുള്ള ജി.എസ്.ഐ.എം ഭീകരഗ്രൂപ്പ് തടവിലാക്കിയിരുന്ന ഫ്രഞ്ച് സന്നദ്ധ പ്രവർത്തക കഴിഞ്ഞ സോഫി പെട്രോനിനെ (75) മോചിപ്പിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആക്രമണം. ലോകത്ത് ബന്ദിയാക്കപ്പെട്ട അവസാനത്തെ ഫ്രഞ്ച് സ്വദേശിയായിരുന്നു ഇവർ. സോഫിക്ക് പുറമെ മറ്റ് മൂന്ന് പേരെക്കൂടി കഴിഞ്ഞ ദിവസം ഇസ്ലാമിക് ഭീകരർ മോചിപ്പിച്ചിരുന്നു. ഇതിനായി ബമാകോയിലെ ഇടക്കാല ഗവൺമെന്റ് 200 തടവുകാരെ വിട്ടയച്ചിരുന്നു. മാലിയിൽ ഭീകരരും സർക്കാരും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. 2012ൽ നടന്ന സംഘർഷത്തിൽ വടക്കൻ മാലിയുടെ നിയന്ത്രണം അൽ-ക്വയ്ദയുടെ നിയന്ത്രണത്തിലുള്ള ഒരു സംഘടന പിടിച്ചെടുത്തിരുന്നു. ഇതുവരെയുള്ള ആക്രമണങ്ങളിൽ ആയിരക്കണക്കിന് സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. ആയിരക്കണക്കിനാളുകൾ കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്തു. ചൊവ്വാഴ്ച 13 ഭീകരരെ കൊലപ്പെടുത്തിയതായി മാലി സൈന്യം അവകാശപ്പെട്ടിരുന്നു.