brazil-neymar

നെയ്മർക്ക് ഹാട്രിക്ക്, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ജയം

ഗോളടിയിൽ റൊണാൾഡോയെ കടന്ന് നെയ്മർ, മുന്നിലിനി പെലെ മാത്രം

ബ്രസീൽ 4 - പെറു 2

ലിമ : തെക്കേ അമേരിക്കൻ മേഖലാ ലോകകപ്പ് ഫുട്ബാൾ യോഗ്യതാറൗണ്ടിൽ പെറുവിനെതിരെ തകർപ്പൻ വിജയം നേടി ബ്രസീൽ. സൂപ്പർ താരം നെയ്മർ ഹാട്രിക്ക് കുറിച്ച മത്സരത്തിൽ 4-2നാണ് മുൻ ലോകചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ റൊണാൾഡോയെ പിന്തള്ളി നെയ്മർ രണ്ടാമതെത്തുകയും ചെയ്തു. ഇനി ഇക്കാര്യത്തിൽ സാക്ഷാൽ പെലെ മാത്രമാണ് നെയ്മർക്ക് മുന്നിലുള്ളത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചിരുന്ന ബ്രസീൽ പെറുവിനെതിരെയും തകർത്താടുകയായിരുന്നു.എന്നാൽ സ്വന്തം മണ്ണിൽ രണ്ട് വട്ടം കരുത്തന്മാർക്കെതിരെ മുന്നിലെത്താൻ പെറുവിന് കഴിഞ്ഞിരുന്നു.ആറാം മിനിട്ടിൽ ആന്ദ്രേ കരീലോയിലൂടെ ആദ്യം സ്കോർ ചെയ്തത് പെറുവാണ്. 28-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നെയ്മർ സമനില പിടിച്ചു. 1-1എന്ന സ്കോറിന് ഇടവേളയ്ക്ക് പിരിയുകയും ചെയ്തു.

ഇടവേള കഴിഞ്ഞെത്തിയും ആദ്യം സ്കോർ ചെയ്തത് പെറുവാണ്.59-ാം മിനിട്ടിൽ റെനാറ്റോ ടാപ്പിയയാണ് ആതിഥേയരെ വീണ്ടും മുന്നിലെത്തിച്ചത്. എന്നാൽ 64-ാം മിനിട്ടിൽ റിച്ചാലിസൺ ബ്രസീലിന് വീണ്ടും സമനില നൽകി. 83-ാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച രണ്ടാം പെനാൽറ്റിയും നെയ്മർ ഗോളാക്കിയതോടെ സന്ദർശകർക്ക് ലീഡായി. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിലാണ് നെയ്മർ ഹാട്രിക്ക് പൂർത്തിയാക്കിയത്. അവസാന സമയത്ത് രണ്ട് കളിക്കാർക്ക് ചുവപ്പുകാർഖ് കാണേണ്ടിവന്നതാണ് പെറുവിന് തിരിച്ചടിയായത്.86-ാം മിനിട്ടിൽ കാർലോസ് കസേഡയും 89-ാം മിനിട്ടിൽ കാർലോസ് സംബ്രാനോയും റെഡ് കാർഡ് കണ്ടതോടെ ഒൻപത് പേരുമായാണ് പെറു മത്സരം പൂർത്തിയാക്കിയത്.

64

ബ്രസീലിനായി നെയ്മർ നേടിയ ഗോളുകളുടെ എണ്ണം. പെറുവിനെതിരെ പെനാൽറ്റിയിലൂടെ ആദ്യ ഗോളടിച്ചപ്പോൾ തന്നെ 62 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയ്ക്കൊപ്പം നെയ്മർ എത്തിയിരുന്നു.ബ്രസീലിന്റെ കുപ്പായത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയിട്ടുള്ള പെലെയ്ക്ക് (77) ഒപ്പമെത്താൻ നെയ്മർക്ക് 13 ഗോളുകൾ കൂടി വേണം.

103 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 64 ഗോളുകൾ തികച്ചത്.

98 മത്സരങ്ങളാണ് 62 ഗോളുകൾ നേടാൻ റൊണാൾഡോയ്ക്ക് വേണ്ടിവന്നത്.

92 മത്സരങ്ങളിൽ നിന്നാണ് പെലെ 77 ഗോളുകൾ അടിച്ചുകൂട്ടിയിരിക്കുന്നത്.

4 ബ്രസീലിനായി നെയ്മർ നേടിയിട്ടുള്ള ഹാട്രിക്കുകളുടെ എണ്ണം.അർജന്റീനയ്ക്കായി മെസിയും നാലു ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.