
ചെന്നൈ : ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകളെ വിദേശരാജ്യങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ നിരത്തുകളിൽ ആരും അത്തരം കാറുകൾ പരീക്ഷിക്കാൻ മുതിർന്നിട്ടില്ല. പക്ഷേ, ഒരു ഡ്രൈവറില്ലാ കാറാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ താരമായിരിക്കുന്നത്.
തമിഴ്നാട്ടിലെ ഒരു റോഡിലൂടെ പായുന്ന പഴയ ഫിയറ്റ് അഥവാ പ്രീമിയർ പദ്മിനി കാറാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ കാർ ഡ്രൈവറില്ലാതെ പായുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഡ്രൈവറില്ലെങ്കിലും കാറിന്റെ പാസഞ്ചർ സീറ്റിൽ പ്രായം ചെന്ന ഒരാൾ ഇരിക്കുന്നത് കാണാം. എന്നാൽ അയാൾ വാഹനം നിയന്ത്രിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഡ്രൈവറില്ലാ കാർ ഹൈവേയിലൂടെ വേഗത്തിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നുണ്ടെങ്കിലും കൃത്യമായി അകലം പാലിച്ച് ശ്രദ്ധയോടെയാണ് മുന്നോട്ട് പോകുന്നത്.
ഈ ഡ്രൈവറില്ലാ കാറിന്റെ പിറകിൽ വന്ന കാറുകാരനാണ് വീഡിയോ പകർത്തിയത്. തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ടു വെ പെഡൽ സംവിധാനം കാറിൽ ഏർപ്പെടുത്തിയിരിക്കാമെന്നാണ് വീഡിയോ കണ്ട ചിലർ പറയുന്നത്. ഇരുവശത്തും ബ്രെയ്ക്, ക്ലച്ച്, ആക്സിലേറ്റർ തുടങ്ങിയ സംവിധാനങ്ങളുള്ള ഇത്തരം കാറുകൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഉപയോഗിക്കാറുണ്ട്. പക്ഷേ, അപ്പോഴും ചോദ്യം ബാക്കിയാണ്. ഡ്രൈവറില്ലാതെ സ്റ്റിയറിംഗ് നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്.? കാറിലുണ്ടായിരുന്ന ആൾ വെല്ലൂർ സ്വദേശിയാണെന്നും ഇത്തരത്തിൽ ഡ്രൈവറില്ലാ കാറിൽ ഇയാൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് കണ്ടിട്ടുണ്ടെന്നും ചിലർ പറയുന്നുണ്ട്.