
ന്യൂഡൽഹി: മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നത് സംബന്ധിച്ച സർക്കുലർ നവംബർ രണ്ടിനകം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. രണ്ടുകോടി രൂപവരെയുള്ള വായ്‌പകളുടെ, മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കാമെന്നും ഇതുവഴി ബാങ്കുകൾക്കുണ്ടാകുന്ന ബാദ്ധ്യത (6,500 കോടി രൂപ) വഹിക്കാമെന്നും കഴിഞ്ഞദിവസം കേന്ദ്രം സത്യവാങ്‌മൂലം നൽകിയിരുന്നു.
ഇന്നലെ വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബാങ്കുകൾക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയും ഇക്കാര്യം കോടതിയെ ഓർമ്മിപ്പിച്ചു.കേന്ദ്രം തീരുമാനമെടുത്തെന്ന് പറയുന്നതല്ലാതെ, നടപ്പാക്കിയില്ലല്ലോ എന്നും കാലതാമസം എന്തിനാണെന്നും ജസ്‌റ്റിസുമാരായ അശോക് ഭൂഷണും എം.ആർ. ഷായും ചോദിച്ചു. നവംബർ 15നകം തീരുമാനം നടപ്പാക്കുമെന്ന് സർക്കാർ അഭിഭാഷകർ മറുപടി നൽകി. വിഷയത്തിൽ തീരുമാനം എടുത്തിട്ടും അത് നടപ്പാക്കാൻ സർക്കാരിന് കഴിയാത്തത് അന്യായമാണെന്നും സാധാരണക്കാർക്കുള്ള ആനുകൂല്യം വൈകിക്കരുതെന്നും ജസ്‌റ്റിസ് ഷാ പറഞ്ഞു.സാധാരണക്കാരന്റെ ദീപാവലി ഇക്കുറി സർക്കാരിന്റെ കൈയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ രണ്ടിന് വീണ്ടും വാദം കേൾക്കും. അതിനകം സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ബെഞ്ച് നിർദേശിച്ചു.