
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കേന്ദ്ര കാർഷിക നിയമത്തിനെതിരെ നിയമം കൊണ്ടുവരാൻ ആലോചിച്ച് പഞ്ചാബ്. സംസ്ഥാനത്ത് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് കേന്ദ്ര നിയമത്തെ മറികടക്കുന്ന പുതിയ നിയമം പാസാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗാണ് വീഡിയോ കോൺഫറൻസിലൂടെ ചേർന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം ഈ തീരുമാനം അറിയിച്ചത്. നിയമസഭ ചേരുന്നത് അറിയിച്ച് നൽകണമെന്ന് ഗവർണറോട് അറിയിച്ചിട്ടുണ്ട്.
നേരത്തെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര കാർഷിക നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. പഞ്ചാബിന് പുറമേ ഛത്തീസ്ഗഡിലും, രാജസ്ഥാനിലും പ്രത്യേക നിയമസഭാ സമ്മേളനം കൂടാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ പ്രത്യേക പ്രമേയം പാസാക്കും. നിലവിലെ കാർഷിക നിയമങ്ങൾ തന്നെ കൃഷി ഉപജീവനമാക്കിയ ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളെ വല്ലാതെ ബാധിച്ചുകഴിഞ്ഞു. പുതിയ നിയമം അവരെ ഞെരുക്കുകയാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഫെഡറൽ സംവിധാനത്തിനെതിരായ പുതിയ കേന്ദ്ര നിയമത്തെ പല്ലും നഖവും നിയമവും ഉപയോഗിച്ച് എതിർക്കുമെന്ന് മുൻപ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ഇന്ന് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര കൃഷിഭവനിൽ കേന്ദ്രസർക്കാർ നടത്തിയ ചർച്ചാ യോഗത്തിൽ നിന്നും കർഷക നേതാക്കൾ ഇറങ്ങിപോന്നു. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണിത്. നേതാക്കൾ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കീറിയെറിയുകയും ചെയ്‌തു.