
തിരുവനന്തപുരം: വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നട്ടം തിരിയുന്ന തലസ്ഥാന നഗരിയിൽ കൂടുതൽ ഇടങ്ങളിൽ പാർക്കിംഗിനായി ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കാൻ നഗരസഭ ഒരുങ്ങുന്നു. നഗരസഭാ അങ്കണത്തിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം യാഥാർത്ഥ്യമാക്കിയതിന് പിന്നാലെയാണ് മെഡിക്കൽ കോളേജ്, പുത്തരിക്കണ്ടം മൈതാനം, പാളയം മാർക്കറ്റ്, ചാല എന്നിവിടങ്ങളിൽ കൂടി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ നിർമ്മിക്കുക. നഗരസഭയിലെ ബഹുനില കേന്ദ്രത്തിന് ഏഴു നിലകളുണ്ട്.
ഈ നാലിടങ്ങൾ കൂടാതെ പവർഹൗസ് റോഡ്, സി.വി. രാമൻപിള്ള റോഡ്, ബേക്കറിപാളയം റോഡ്, ചാല ബസാർ എന്നിവിടങ്ങളിൽ ഓൺസ്ട്രീറ്റ് പാർക്കിംഗ് സംവിധാനം ഒരുക്കും. ഇപ്പോൾ എം.ജി. റോഡ് മുഴുവനായും പെയ്ഡ് പാർക്കിംഗ് സംവിധാനത്തിലേക്ക് കോർപ്പറേഷൻ മാറ്റിയിട്ടുണ്ട്. ഇത് മറ്റ് റോഡുകളിലേക്ക് വിപുലപ്പെടുത്താനും ആലോചനയുണ്ട്.
വീതികുറഞ്ഞ റോഡുകളും സ്ഥലലഭ്യതയില്ലാത്തതുമാണ് നഗരത്തിൽ പാർക്കിംഗ് സംവിധാനമൊരുക്കുന്നതിന് പ്രധാന തടസമായിട്ടുള്ളത്. സ്ഥലം കണ്ടെത്തുകയെന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവുമാണ്. ആവശ്യത്തിന് ഫണ്ടുള്ളതിനാൽ സ്ഥലമേറ്റെടുപ്പ് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കോർപ്പറേഷൻ പറയുന്നത്. സ്മാർട്ട്സിറ്റി പദ്ധതിയുടെ ഭാഗമായി എളുപ്പം നടപ്പാക്കാവുന്ന പദ്ധതികളിലാണ് കോർപ്പറേഷൻ ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
വരുംകാലത്തിന്റെ ഏറ്റവും കടുത്ത പ്രതിസന്ധിയായാണ് വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പാളയത്തെ പാർക്കിംഗ് കേന്ദ്രമായിരിക്കും ആദ്യം നിർമ്മിക്കുക. അവിടെ 568 കാറുകൾക്കും 270 ഇരുചക്ര വാഹനങ്ങൾക്കും പാർക്കിംഗിനുള്ള സൗകര്യമാണൊരുക്കാൻ ഉദ്ദേശിക്കുന്നത്. 15 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ഇതിനൊപ്പം സ്‌മാർട്ട് സിറ്റി പദ്ധതിയുൾപ്പെടുത്തിയുള്ള പാളയം മാർക്കറ്റിന്റെ നവീകരണവും തുടങ്ങുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള പാർക്കിംഗ് കേന്ദ്രം പൊളിച്ചുമാറ്റി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കുന്നുണ്ട്.