
ലാ പാസ് : സമുദ്ര നിരപ്പിൽ നിന്ന് 3500 മീറ്ററിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊളീവിയൻ തലസ്ഥാനമായ ലാ പാസിൽ ഒന്നര പതിറ്റാണ്ടിനുശേഷം ഒരു വിജയം നേടി അർജന്റീനിയൻ ഫുട്ബാൾ ടീം. ഇന്നലെ നടന്ന തെക്കേ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെസിയുടെയും സംഘത്തിന്റെയും വിജയം.2005ന് ശേഷം ആദ്യമായി അർജന്റീന ലാ പാസിൽ ജയിക്കുന്നത് ഇപ്പോഴാണ്. ശ്വാസം കിട്ടാൻ പ്രയാസമുള്ള ഇവിടെ അരഡസൻ ഗോളുകൾ വഴങ്ങി തോറ്റ ചരിത്രവും മെസിക്കും കൂട്ടർക്കുമുണ്ട്.
24-ാം മിനിട്ടിൽ മൊറേനോ മാർട്ടിൻസിലൂടെ മുന്നിലെത്തിയിരുന്ന ബൊളീവിയയെ 45-ാം മിനിട്ടിൽ ലൗതാരോ മാർട്ടിനെസും 79-ാം മിനിട്ടിൽ യൊവാക്വിം കോറിയയും നേടിയ ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ 1-0ത്തിന് ഇക്വഡോറിനെ തോൽപ്പിച്ചിരുന്ന അർജന്റീന ബൊളീവിയയ്ക്കെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ജയിച്ചത്. ആറാം മിനിട്ടിൽത്തന്നെ ബൊളീവിയൻ സ്ട്രൈക്കർ മൊറേനോ മാർട്ടിൻസിന്റെ ഒരു ഹെഡർ ബാറിൽത്തട്ടിപ്പോയത് അർജന്റീനയ്ക്ക് തുണയായി. 24-ാം മിനിട്ടിൽ മൊറേനോ തന്നെ വലകുലുക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അർജന്റീന തിരിച്ചടിച്ചു. ഈ ഗോളിലും ഭാഗ്യ സ്പർശമുണ്ടായിരുന്നു.ലൗതാരോ മാർട്ടിനസിന്റെ ഷോട്ട് തടുക്കാൻ ശ്രമിച്ച ഡിഫൻഡർ അദ്ദേഹത്തിന് വീണ്ടും പന്തുതട്ടിയിട്ടുകൊടുത്തതാണ് ഗോളിന് വഴിയൊരുക്കിയത്. 79-ാം മിനിട്ടിൽ മെസിയും ലൗതാരോയും ചേർന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് ജൊവാക്വിം കോറിയ അർജന്റീനയുടെ വിജയഗോൾ നേടിയത്.
യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും അർജന്റീന വിജയം നേടിയിരിക്കുകയാണ്. മികച്ച മാർജിനിൽ രണ്ട് മത്സരങ്ങളും വിജയിച്ച ബ്രസീലാണ് പട്ടികയിൽ അർജന്റീനയ്ക്ക് മുകളിൽ ഒന്നാമത്.
ഉറുഗ്വേയ്ക്ക് തോൽവി
ഇന്നലെ നടന്ന തെക്കേ അമേരിക്കൻ മേഖലയിലെ മറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇക്വഡോറും പരാഗ്വേയും വിജയം കണ്ടു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോർ 4-2ന് കരുത്തരായ ഉറുഗ്വേയെയാണ് തോൽപ്പിച്ചത്. രണ്ട് ഗോളുകൾ നേടിയ മൈക്കേൽ എസട്രാഡയും ഓരോ ഗോളടിച്ച കസീഡോയും ഗോൺസാലോ പ്ളാറ്റോയുമാണ് ഇക്വഡോറിന് വിജയം നൽകിയത്. ഇരട്ട ഗോളടിച്ച സൂപ്പർ താരം ലൂയിസ് സുവാരേസിനും ഉറുഗ്വേയെ രക്ഷിക്കാനായില്ല. പെനാൽറ്റിയിലൂടെയായിരുന്നു സുവാരേസിന്റെ രണ്ട് ഗോളുകളും .
പരാഗ്വെ 1-0ത്തിന് വെനിസ്വേലയെ തോൽപ്പിച്ചപ്പോൾ ചിലിയും കൊളംബിയയും 2-2ന് സമനിലയിൽ പിരിഞ്ഞു.
മത്സരഫലങ്ങൾ
ബ്രസീൽ 4- പെറു 2
അർജന്റീന 2- ബൊളീവിയ 1
ചിലി 2- കൊളംബിയ 2
പരാഗ്വേ 1- വെനിസ്വേല 0
ഇക്വഡോർ 4- ഉറുഗ്വേ 2