
ഇന്ത്യയുടെ ചരിത്രത്തിൽ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെയും പ്രവർത്തകരുടെയും ത്യാഗവും പ്രവർത്തനങ്ങളും സുവർണലിപികളിൽ എഴുതപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യലബ്ദ്ധിക്കു ശേഷം ആധുനിക ഇന്ത്യ പടുത്തുയർത്തുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടി സുപ്രധാന പങ്കുവഹിച്ചു. ഭരണഘടനയെ സംരക്ഷിക്കുകയും വർഗീയതയ്ക്കെതിരെ വർഗ ഐക്യം ശക്തിപ്പെടുത്തുകയും സോഷ്യലിസ്റ്റ് ലക്ഷ്യം നേടിയെടുക്കുകയും ചെയ്യാനുള്ള പോരാട്ടങ്ങളാണ് ഈ ശതാബ്ദി വേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്വം.
സമ്പൂർണ സ്വരാജിനായുള്ള ആദ്യ മുദ്രാവാക്യമുയർന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ്. സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുടെ പേരുകൾ കാലാപാനി ജയിലുകളുടെ ചുമരുകളിൽ എഴുതിവച്ചിട്ടുണ്ട്. ഇതിൽ 80 ശതമാനവും ഐക്യ പഞ്ചാബിലെയും ഐക്യ ബംഗാളിലെയുമൊക്കെ കമ്മ്യൂണിസ്റ്റുകാരുടേതാണ്. കമ്മ്യൂണിസ്റ്റ് നേതാക്കളെല്ലാം സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു.
ഭാഷയിലും സംസ്കാരത്തിലും വിശ്വാസത്തിലുമൊക്കെ വൈവിധ്യമുള്ളതാണ് നമ്മുടെ രാജ്യം. അത് സംരക്ഷിക്കാനുള്ള പോരാട്ടം സ്വാതന്ത്ര്യത്തിനു ശേഷവും നടക്കുകയുണ്ടായി. ഐക്യ ആന്ധ്രയ്ക്കായി സുന്ദരയ്യയുടെ നേതൃത്വത്തിലും ഐക്യകേരളത്തിനായി ഇ.എം.എസ്, എ.കെ.ജി. പി.കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലും നടന്ന സമരങ്ങൾ കമ്മ്യൂണിസ്റ്റുകാരുടെ സംഭാവനകളാണ്. തെലങ്കാനയിലും തേബാഗയിലും പുന്നപ്രവയലാറിലും അസമിലും മഹാരാഷ്ട്രയിലെ വർളിയിലുമൊക്കെ നടന്ന പ്രക്ഷോഭങ്ങളുടെ നേതൃത്വം കമ്മ്യൂണിസ്റ്റുകാർക്കായിരുന്നു.
എല്ലാവർക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് അംബേദ്കർ തയ്യാറാക്കിയ ഭരണഘടന. ഒരാൾക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം എന്നത് ഒരാൾക്ക് ഒരു മൂല്യം എന്ന നിലയിലേക്ക് മാറണമെങ്കിൽ സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കണം. ആ ലക്ഷ്യത്തിലാണ് കമ്മ്യൂണിസ്റ്റുകാരന്റെ പ്രവർത്തനം. മതനിരപേക്ഷത എന്നാൽ എല്ലാ വ്യക്തികളുടെയും മതവിശ്വാസം സംരക്ഷിക്കപ്പെടുക എന്നാണ്. പക്ഷേ ഭരണകൂടങ്ങൾക്ക് മതം പാടില്ല. ആർ.എസ്.എസിനും ബി.ജെ.പിക്കും സ്വാതന്ത്ര്യസമരത്തിൽ ഒന്നും അവകാശപ്പെടാനില്ല.
മുഹമ്മദലി ജിന്ന ഇസ്ലാമിക രാഷ്ട്രവാദം ഉന്നയിക്കുന്നതിന് മൂന്നുവർഷം മുമ്പ് സവർക്കർ ദ്വിരാഷ്ട്ര വാദം ഉന്നയിച്ചിരുന്നു. മനു വാദത്തിലൂന്നിയ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ് ആർ.എസ്.എസ്- ബി.ജെ.പി ലക്ഷ്യം. കഴിഞ്ഞവർഷം ഓഗസ്റ്റ് അഞ്ചിന് ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. ഈ വർഷം ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി തന്നെ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടു. ആർ.എസ്.എസ്- ബി.ജെ.പിയുടെ ഫാസിസ്റ്റ് വിചാരധാരയെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യവും പൗരന്മാരുടെ സാമ്പത്തിക സ്വാതന്ത്ര്യവും നേടിയെടുക്കും വരെ പോരാട്ടം തുടരും.
(ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സി.പി.എം ഡൽഹി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിൽ നിന്ന്)