
ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കഴിഞ്ഞ നാലുദിവസമായി തുടരുന്ന കനത്ത മഴയിലും വെളപ്പൊക്കത്തിലും പെട്ട് 25പേർ മരിച്ചു. തെലങ്കാനയിൽ മാത്രം 18 പേർ മരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മതിലിടിഞ്ഞ് വീണും വൈദ്യുതി കമ്പി പൊട്ടിവീണും വെള്ളത്തിൽ മുങ്ങിയുമാണ് മരണങ്ങൾ.
ഇന്നും നാളെയും സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു.
തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിന്റെ പല മേഖലകളും വെള്ളത്തിനടിലായി.
വ്യാഴാഴ്ച വരെയുള്ള എല്ലാ പരീക്ഷകളും ഉസ്‌മാനിയ സർവകലാശാല മാറ്റിവച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തെലങ്കാനയിൽ ചൊവ്വാഴ്ച രാത്രി പെയ്‌ത കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മാസം പ്രായമുളള കുട്ടിയടക്കം ഒമ്പത് പേർ മരിച്ചു. പത്ത് വീടുകൾ സ്ഥിതി ചെയ്യുന്ന ഒരു കോമ്പൗണ്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. മൃതദേഹങ്ങൾ പലതും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്.
ഹൈദരാബാദിലെ സാരൂർ നഗറിലെ ഗ്രീൻ പാർക്ക് കോളനിയിൽ കുത്തിയൊലിക്കുന്ന വെള്ളത്തിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ ഒലിച്ച് പോകുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഒരാൾ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങളുമുണ്ട്.
മൈലാർദേവപ്പള്ളിയിൽ ഒരു കുടുംബത്തിലെ ഒമ്പതുപേർ വെള്ളത്തിൽ ഒഴുകിപ്പോയി. ഇവരിൽ ഒരാളെ രക്ഷപെടുത്തി. അഞ്ചുവയസിൽ താഴെയുള്ള രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേരെ കാണാതായി. രണ്ടുപേരുടെ മൃതദേഹം പിന്നീട് കണ്ടെത്തി.
നഗരാതിർത്തിയിൽ ഇബ്രാഹിംപട്ടണത്തിലെ ഷെരിഗുണ്ടയിൽ 20 വർഷം പഴക്കമുള്ള വീട് തകർന്ന് വീണ് സ്ത്രീയും മകളും മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്നു ആൺകുട്ടി പരിക്കുകളോടെ രക്ഷപെട്ടു.
ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യൂനമർദ്ദമാണ് ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് കാരണമായത്. ആന്ധ്രാപ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11 മുതൽ 24 സെന്റിമീറ്റർ വരെ മഴ പെയ്തു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹിമയത്ത് സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു.
പ്രളയം കനത്ത നാശംവിതച്ച തോളി ചൗക്കി ഏരിയയിൽ സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഇന്നും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
500 രൂപാ സഹായം
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് 500 രൂപ വീതം ധനസഹായം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു.
മുഖ്യമന്ത്രിമാരായ ജഗൻ മോഹൻ റെഡ്ഡിയുമായും കെ.ചന്ദ്രശേഖർ റാവുവുമായും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എല്ലാ വിധ സഹായവും ഇരു സംസ്ഥാനങ്ങൾക്കും നൽകും.
-പ്രധാനമന്ത്രി നരേന്ദ്ര മോദി