
തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എൻ.ഐ.എ. പ്രതികളായ റമീസ്, ഷറഫുദ്ദീൻ എന്നിവർക്ക് ദാവൂദിന്റെ സംഘവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് എൻ.ഐ.എ പറയുന്നത്. രണ്ട് പേരും ടാൻസാനിയയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ശ്രമിച്ചിരുന്നു.
ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ കണ്ണിയായ ഫിറോസ് ഒയാസിസ് ടാൻസാനിയ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഫിറോസ് ഒയാസിസ് ദക്ഷിണേന്ത്യക്കാരനാണ്. പ്രതികൾക്ക് മേൽ യു.എ.പി.എ ചുമത്തിയതിന് തെളിവായിട്ട് എൻ.ഐ.എ കോടതിയെ അറിയിച്ച കണ്ടെത്തലുകളാണിത്. പ്രതികൾ ഒന്നിച്ചു ചേർന്നത് പുറമേ നിന്നുള്ള ഒരാളുടെ നിർദ്ദേശപ്രകാരമാണെന്നും എൻ.ഐ.എ കോടതിയിൽ പറഞ്ഞിരുന്നു.
പ്രതികൾ തോക്കുകളേന്തി നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചതായും എൻ.ഐ.എ കോടതിയെ അറിയിച്ചു. കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സ്വപ്ന സുരേഷ് ഒഴികെയുള്ള പ്രതികളുടെ ജാമ്യപേക്ഷയുടെ വാദത്തിനിടെയാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്.