zakkariya-muhammed

'സുഡാനി ഫ്രം നൈജീരിയ' എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തിലെ ഒന്നാം നിര സംവിധായകർക്കിടയിൽ തന്റേതായൊരു ഇടം സൃഷ്ടിച്ചെടുത്തയാളാണ് സംവിധായകൻ സക്കരിയ മുഹമ്മദ്. ദേശീയ, സംസ്ഥാന അവാർഡുകൾ വാങ്ങിക്കൂട്ടിയ 'സുഡാനി'ക്ക് ശേഷം മലബാർ പശ്ചാത്തലമായ മറ്റൊരു ചിത്രവുമായി സക്കരിയ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി, ജോജു ജോർജ്ജ്, പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ, ​മാമുക്കോയ, ഷറഫുദ്ദീൻ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ പേര് 'ഹലാൽ ലൗ സ്റ്റോറി'യെന്നാണ്. 'സുഡാനി' കാൽപന്ത് കളിയുടെ പശ്ചാത്തലത്തിലെ മനുഷ്യബന്ധങ്ങളുടെ കഥയാണ് പറഞ്ഞതെങ്കിൽ 'ലവ് സ്റ്റോറി'ക്ക് പറയാനുള്ളത് ഒരു 'സിനിമാ പിടുത്ത'ത്തിന്റെ കഥയാണ്. 'ആമസോൺ പ്രൈം വീഡിയോ' ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ 15ന് റിലീസാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ 'കേരളകൗമുദി ഓൺലൈനു'മായി പങ്കുവയ്ക്കുകയാണ് സംവിധായകൻ.

h1

ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പുറത്തിറങ്ങുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചതെങ്കിലും സിനിമയുടെ ഭാവി ഓൺലൈനിലാണെന്ന് കരുതുന്നുണ്ടോ?

അങ്ങനെയല്ല. രണ്ടുതരം സംവിധാനങ്ങൾക്കും അതിന്റേതായ രീതിയിലുമുള്ള സാദ്ധ്യതകളും പ്രത്യേകതകളും ഉണ്ടെന്ന് തന്നെയാണ് ഞാൻ മനസിലാക്കുന്നത്. ഇപ്പോൾ 'ആമസോൺ പ്രൈമി'ലൂടെ 'ഹലാൽ ലവ് സ്റ്റോറി' റിലീസ് ചെയ്യുമ്പോൾ അത് കുറച്ചുകൂടി വലിയൊരു ആൾക്കൂട്ടത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. ഏകദേശം 200 രാജ്യങ്ങളിലായിട്ടാണ് സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. അപ്പോൾ ആ സാദ്ധ്യതയും എക്സ്പീരിയൻസ് ചെയ്യേണ്ടതുണ്ട്. അത് എക്സ്പീരിയൻസ് ചെയ്യാനായി ഞങ്ങൾ കാത്തിരിക്കുകയാണ്.

ഒ.ടി.ടി വഴി സിനിമ പുറത്തിറങ്ങുമ്പോൾ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പുറത്തിറങ്ങാനുള്ള സാദ്ധ്യത കൂടുതലാണെന്ന ആശങ്ക ചിലർ പങ്കുവച്ച് കാണുന്നുണ്ട്. അങ്ങനെയൊരു വെല്ലുവിളിയുണ്ടെങ്കിൽ അതിനെ എങ്ങനെ പ്രതിരോധിക്കും?

ഒരു പരിധി വരെ ഇവിടുത്തെ നിയമ സംവിധാനങ്ങൾ അത്തരമൊരു അവസ്ഥയെ പ്രതിരോധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പക്ഷെ എല്ലായിടത്തേയും പോലെ, ആ പരിധിക്കുമപ്പുറം, ഇത്തരമൊരു സാഹചര്യത്തെ തടയാനുള്ള സംവിധാനം വന്നിട്ടുണ്ടോ, അല്ലെങ്കിൽ വരേണ്ടതുണ്ടോ എന്ന ചർച്ചകളിൽ തന്നെയാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്.

h2

വലിയൊരു താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. താരതമ്യേന പുതുമുഖമായ ഒരു സംവിധായകന് അതൊരു വെല്ലുവിളിയായോ?

ഒരു ഫിലിംമേക്കർ എന്നുള്ള നിലയ്ക്ക് ഇത്തരത്തിൽ അറിയപ്പെടുന്ന, ടാലന്റഡ് ആയ അഭിനേതാക്കൾക്കൊപ്പം പ്രവർത്തിക്കുക എന്നത് ഒരു ആഗ്രഹമാണ്. തിരക്കഥയുടെ പണികൾ അവസാനിച്ച ശേഷം, ആ ആഗ്രഹത്തിന്റെ പുറത്ത് അഭിനേതാക്കളുടെ അടുത്ത് ചെന്ന് കഥ പറയുകയും ചെയ്തു. തുടർന്ന് അവർ സിനിമ ചെയ്യാം എന്ന് ഏൽക്കുകയായിരുന്നു.

ഇവരുടെയെല്ലാം അഭിനയ വൈഭവം ആവശ്യപ്പെടുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആയിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്. അത് കണക്കിലെടുത്താണ് അഭിനേതാക്കളോട് കഥ വിശദീകരിച്ചത്. ചിത്രീകരണത്തിന്റെ സമയത്തും പ്രൊഫഷണൽ ആയ അഭിനേതാക്കളോടൊപ്പം പ്രവർത്തിക്കുന്നതിന്റെ എല്ലാത്തരം കംഫർട്ടും അനുഭവിച്ചിരുന്നു.

വിശ്വാസത്തിന്റെയും മറ്റും ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് സിനിമ ചെയ്യാനാഗ്രഹിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ കഥയാണ് സിനിമ എന്നാണ് മനസിലാക്കുന്നത്. എങ്ങനെയാണ് അങ്ങനെയൊരു പ്രമേയത്തിലേക്ക് എത്തിയത്?

സ്വാഭാവികമായി തന്നെ. ഒരു കഥയുടെ ത്രെഡ് നമുക്ക് ലഭിക്കുന്നു. അത് നമ്മൾ വികസിപ്പിച്ചെടുക്കുന്നു. അത് ഒരു തിരക്കഥയായി വളരുന്നു. ശേഷം പ്രൊഡക്ഷൻ എന്ന നിലയിലേക്ക് കൊണ്ടുവരാവുന്ന ഒരു പ്രോജക്ട് ആയി അത് മാറുന്നു. അങ്ങനെ വളരെ സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം തന്നെയാണ് സിനിമയുടെ പ്രമേയം.

h3

സാമൂഹികമായ വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കുന്ന സംവിധായകനാണ് സക്കരിയ. ഒരു 'ആക്ടിവിസ്റ്റ് ഡയറക്ടർ' എന്ന് താങ്കളെ വിളിച്ചാൽ തെറ്റാകുമോ?

അത് തെറ്റാണ്(ചിരിക്കുന്നു). കാരണം ഞാൻ ഫിലിം മേക്കർ മാത്രമാണ്. മറ്റുള്ളതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഉണ്ടാകുന്ന സംഗതികൾ മാത്രമാണ്. ഫിലിം മേക്കർ എന്നുള്ള നിലയ്ക്ക് തന്നെയാണ് ഞാൻ എന്നെ അവതരിപ്പിക്കുന്നത്.

'സുഡാനി'യെ പോലെ തന്നെ മലബാറാണ് 'ലവ് സ്റ്റോറി'യുടെയും കഥാപശ്ചാത്തലം. ഇത് സക്കരിയ വളർന്നുവന്ന നാടിന്റെയും സാഹചര്യങ്ങളുടെയും സ്വാധീനമാണോ?

എന്റെ രണ്ടാമത്തെ സിനിമയാണിത്. നമ്മൾ ജീവിക്കുന്ന രാജ്യം തന്നെ ഒരു ഫ്രറ്റേർണിറ്റി ആണ്. വ്യത്യസ്ത കാഴ്ചപ്പാടുകളും വ്യത്യസ്ത വിശ്വാസങ്ങളുമുള്ള ആളുകൾ ഒന്നിച്ച് ജീവിക്കുന്ന ഒരു സ്ഥലം. സ്വാഭാവികമായിട്ടും അങ്ങനെയുള്ള ഒരു ഫ്രറ്റേർണിറ്റിക്ക് അകത്ത് നിന്നുമുള്ള കഥകളായിട്ട് തന്നെയാണ് ആദ്യത്തെ സിനിമയും രണ്ടാമത്തെ സിനിമയും ഉണ്ടായി വന്നിട്ടുള്ളത്. നമ്മുടെ ഉള്ളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന കോൺസെപ്റ്റുകൾ ഈ സമൂഹത്തിന്റെ അകത്ത് നിന്നുമുള്ള കഥകൾ തന്നെയാണ് പറയുന്നത്. ഒരു ഫിലിംമേക്കറുടെ കാഴ്ചപ്പാടിൽ നിന്നും വരുമ്പോൾ നേരത്തെ പറഞ്ഞതുപോലെ ഒരു ത്രെഡിൽ നിന്നും സിനിമ വികസിച്ച് വരുന്നു എന്നേയുള്ളൂ.

h4

ആർട്ട്ഹൗസ്, കൊമേർഷ്യൽ ഘടങ്ങളെ വളരെ രസകരമായി ബാലൻസ് ചെയ്തുകൊണ്ടുപോകുന്ന ചിത്രങ്ങളാണ് താങ്കളുടേത്. അങ്ങനെയൊരു ആവിഷ്‌ക്കാരശൈലി കൗതുകമുണർത്തുന്നു?

ഒരു സിനിമയുടെ നരേറ്റീവ്‌ സ്റ്റൈൽ(ആഖ്യാനശൈലി) തീരുമാനിക്കുന്നതിന് പിന്നിൽ ആ സിനിമയുടെ പ്രമേയമോ, അല്ലെങ്കിൽ തിരക്കഥയോ വളരെ നൈസർഗികമായി ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് ഓരോ സിനിമയുടെയും ആഖ്യാനശൈലി നമ്മൾ തീർച്ചപ്പെടുത്തുക. അത് നമ്മുടെ ഉള്ളിൽ നിന്നും സ്വാഭാവികമായി വരികയാണ് ചെയ്യുക. അങ്ങനെയാണ് സംഭവിക്കുക എന്നാണ് ഞാൻ കരുതുന്നത്.

നമ്മൾ സൃഷ്ടിക്കുന്ന സിനിമ ഏതുതരം പ്രേക്ഷകന്റെ മുന്നിലേക്കാണ് എത്തിക്കേണ്ടത് എന്നൊരു ചിന്താകുഴപ്പം ഉണ്ടാകുമല്ലോ. അതേസമയം എല്ലാവരിലേക്കും അത് എത്തിക്കണമെന്ന ആഗ്രഹവുമുണ്ട്. ചലച്ചിത്ര മേളകളിലും മറ്റും ചിത്രം പ്രദർശിപ്പിക്കണമെന്നും അവിടെയുള്ള പ്രേക്ഷകരുടെ അഭിപ്രായം അറിയണമെന്നുള്ള ചിന്തയുണ്ട്. 'ലവ് സ്റ്റോറി'യുടെ കാര്യത്തിലും അത് നിലനിൽക്കുന്നുണ്ട്. നമ്മുടെ ഉള്ളിലുള്ള ഈ ആഗ്രഹത്തിന്റെ പുറത്ത് അങ്ങനെ സംഭവിക്കുന്നതാണ്.

h6

സക്കരിയ ഒരു സംവിധായകൻ മാത്രമല്ല, 'വൈറസി'ലൂടെ ഒരു നടൻ എന്ന രീതിയിലും തന്റെ കഴിവ് തെളിയിച്ചയാളാണ്. ഇനിയും അഭിനേതാവിന്റെ റോളിൽ താങ്കളെ പ്രതീക്ഷിക്കാമോ?

തീർച്ചയായും അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുള്ള ആളാണ്. പക്ഷെ, 'വൈറസ്' കഴിഞ്ഞ ശേഷം അഭിനയിക്കാനുള്ള അവസരങ്ങളൊന്നും വന്നില്ല(ചിരി). അങ്ങനെ വരികയാണെങ്കിൽ അത് പരീക്ഷിക്കാനുള്ള മനസോടെ തന്നെയാണ് നിൽക്കുന്നത്.