kothu-title-poster

സംവിധായകരായ സിബി മലയിലും രഞ്ജിത്തും നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. 'കൊത്ത്' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വേറിട്ട പേര് എന്നാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം ടൈറ്റിലിനെ കുറിച്ച് പറയുന്നത്.


മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് 'കൊത്ത്'. ആസിഫ് അലിയാണ് ഈ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് വളരെ സവിശേഷതയുള്ള ദിവസത്തിലായിരുന്നു. 10 10 2020 എന്ന അപൂര്‍വസംഖ്യ വരുന്ന ദിവസമായ ഒക്ടോബര്‍ പത്തിനായിരുന്നു ഷൂട്ടിംഗിന് തുടക്കം കുറിച്ചത്

രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറിലാണ് 'കൊത്ത്' നിര്‍മിക്കുന്നത്. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. സിബി മലയില്‍ ഇപ്പോള്‍ തന്റെ ചിത്രത്തിലൂടെ നാടക രംഗത്ത് സജീവമായ ഹേമന്ദിനെ സിനിമയിലേക്ക് എത്തിക്കുകയാണ്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്.


കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ, പി ആര്‍ ഒ - ആതിര ദില്‍ജിത്ത്.