
ദുബായ് : സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഐ.പി.എൽ മത്സരത്തിൽ വെെഡ് വിളിക്കാനൊരുക്കിയ അമ്പയർ പോൾ റീഫൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ ധോണിയുടെ രൗദ്രഭാവം കണ്ട് അത് വേണ്ടെന്ന് വച്ചത് വിവാദമാകുന്നു.
ചെന്നൈ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് അവസാന രണ്ട് ഓവറിൽ വേണ്ടിയിരുന്നത് 27 റൺസായിരുന്നു. 19–ാം ഓവർ എറിയാനെത്തിയത് ഷാർദുൽ താക്കൂർ.
ആദ്യ പന്തിൽ റാഷിദ് ഖാന്റെ വക ഡബിൾ. സ്റ്റമ്പിൽനിന്ന് മാറ്റിയൊരു യോർക്കർ പരീക്ഷിച്ച താക്കൂറിന്റെ രണ്ടാം പന്ത് വൈഡായി. മൂന്നാം പന്തിലും സമാനമായ പരീക്ഷണം ആവർത്തിച്ച താക്കൂർ വക മറ്റൊരു വൈഡ്. ലൈനിനു പുറത്താണന്ന് വ്യക്തമായ പന്തിൽ വൈഡ് വിളിക്കാനൊരുങ്ങി അംപയർ കൈകൾ വിടർത്തിയതാണ്. ഇതോടെ വിക്കറ്റിനു പിന്നിൽനിന്ന് ധോണി ക്രുദ്ധനായി. വൈഡല്ലെന്ന തരത്തിൽ ധോണി തർക്കമുന്നയിച്ചതോടെ വൈഡ് വിളിക്കാനൊരുങ്ങിയ അംപയർ മനസ്സു മാറ്റി.
ക്രീസിൽനിന്ന സൺറൈസേഴ്സ് താരം റാഷിദ് ഖാൻ വൈഡിനായി അംപയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല.മത്സരം ചെന്നൈ 20 റൺസിന് ജയിക്കുകയും ചെയ്തു
മത്സരശേഷം ധോണിക്കും അംപയറിനുമെതിരെ രൂക്ഷ പരിഹാസമാണ് ഉയർന്നത്. ഇരുവർക്കുമെതിരായ ട്രോളുകൾ സമൂഹമാധ്യമങ്ങളിലും വ്യാപകമാണ്. ഫെയർപ്ളേ പോയിന്റ് നിലയിൽ ചെന്നൈ മുന്നിലുള്ള ചെന്നൈ സൂപ്പർ കിംഗ്സിനെ ഐ.പി.എല്ലിൽനിന്ന് വിലക്കണമെന്നത് ഉൾപ്പെടെ ശക്തമായ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്.കഴിഞ്ഞ സീസണിൽ ഒരു നോബാൾ പ്രശ്നത്തിൽ ധോണി ഡഗ്ഔട്ടിൽ നിന്ന് പിച്ചിലെത്തി അമ്പയറോട് കയർത്തത് വിവാദമായിരുന്നു.