
മുംബയ് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എൻ.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികിൽ നിന്നുള്ള എൻ.സി.പി നേതാവായ സഞ്ജയ് ഷിൻഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ് - ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാൽഗാവോൻ ബസ്‌വന്ത് ടോൾ പ്ലാസയ്ക്ക് അടുത്ത് വച്ച് കാർ തീപിടിക്കുകയായിരുന്നു.
കാറിന്റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോർട്ട്. ഗ്രേപ്പ് എക്സ്പോർട്ടർ കൂടിയായ സഞ്ജയ് തന്റെ മുന്തിരിത്തോട്ടങ്ങളിലേക്കുള്ള കീടനാശിനികളും മറ്റും വാങ്ങാനായി പുറപ്പെട്ടതായിരുന്നു.
തീപടരുന്നതിനിടെ കാറിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം ആക്ടീവാകുകയും ഡോറുകൾ തുറക്കാൻ കഴിയാതെ വരികയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ സഞ്ജയ് ജനാലകൾ തകർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും സഞ്ജയ് മരിച്ചിരുന്നു. കാറിനുള്ളിലുണ്ടായിരുന്നത് സഞ്ജയ് ആയിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.