
ബീജിംഗ്: ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചെെന സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ചെെനീസ് സെെനികരോട് യുദ്ധത്തിന് തയ്യാറാകാൻ പ്രസിഡന്റ് ഷി ജിന്‍പിംഗ് ആവശ്യപെട്ടതായി റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്തോട് തികച്ചും വിശ്വസ്തത പുലർത്താനും സെെനികരോട് ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാദ്ധ്യമമായ സി.എൻ.എൻ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
ഗ്വാങ്‌ഡോങ്ങിലെ ഒരു സൈനിക താവളം സന്ദർശിച്ചു കൊണ്ടാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറെടുക്കാൻ സെെന്യത്തോട് ആവശ്യപ്പെട്ടത്. എല്ലാ സെെനികരും അവരുടെ മനസും ശക്തിയും യുദ്ധത്തിനായി തയ്യാറാക്കി വയ്ക്കുക. അതീവജാഗ്രത പാലിക്കണമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. എന്നാൽ ഷി ജിന്‍പിംഗിന്റെ ഈ അഭിപ്രായം ഇന്ത്യക്കെതിരെയോ, അമേരിക്കയ്ക്കെതിരെയോ, ദക്ഷിണ ചെെനാക്കടൽ മേഖലയിൽ ചെെനയുമായി കലഹിക്കുന്ന മറ്റു രാജ്യങ്ങൾക്ക് എതിരെയാണോ എന്നത് വ്യക്തമല്ല. ഷി ജിന്‍പിംഗിന്റെ സന്ദർശനം ചെെനീസ് സേനയുടെ പരിവർത്തനവും നിർമാണവും വേഗത്തിലാക്കാനും പ്രതിരോധ സംവിധാനങ്ങളുടെ ശേഷി മെച്ചപ്പെടുത്താനുമാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ-ചെെന അതിർത്തി സംഘർഷം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏഴാമത്തെ കമാൻഡർതല ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര, തലത്തിൽ നിരവധി ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ഷി ജിന്‍പിംഗ് യുദ്ധത്തിന് തയ്യാറാകാൻ സെെന്യത്തിന് നിർദേശം നൽകിയത്.