rajinikanth

ചെന്നൈ: ആറര ലക്ഷം രൂപ നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹർജിയിൽ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിനെ താക്കീത് ചെയ്ത് മദ്രാസ് ഹൈക്കോടതി.

കൊവിഡ് മൂലം മാർച്ച് 24 മുതൽ തന്റെ കല്യാണമണ്ഡപത്തിൽ നിന്ന് വരുമാനം ലഭിച്ചില്ലെന്നും നികുതി ഒഴിവാക്കാൻ കോർപ്പറേഷനോട് നിർദേശിക്കണമെന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം.

ഈ ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് സെപ്തംബർ 28ന് അയച്ച കത്തിൽ മറുപടി ലഭിച്ചില്ലെന്നാണ് രജനി കോടതിയിൽ ചൂണ്ടിക്കാട്ടിയത്. നികുതി ഇളവ് വേണമെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷന് തന്നെ വീണ്ടും കത്തയക്കണമെന്ന് രജനിയോട് കോടതി നിർദ്ദേശിച്ചു. കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു. ധൃതി കാണിച്ച് കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും കോടതിയുടെ സമയം നഷ്ടമാക്കിയാൽ പിഴ ഈടാക്കുമെന്നും കോടതി താക്കീത് നൽകി. ഇതോടെ,​ ഹർജി പിൻവലിക്കാമെന്ന് രജനീകാന്ത് അറിയിച്ചു.