cm-pinarayi-vijayan

തിരുവനന്തപുരം: റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുപോയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. തെറ്റായ വിവരങ്ങള്‍ പുറത്തുപോയതെങ്ങനെയെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് വയ്ക്കാന്‍ മന്ത്രിതല ഉപസമിതിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്.

റൂള്‍സ് ഓഫ് ബിസിനസ്സില്‍ 15 വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ പൊതു ഭരണ വകുപ്പ് തയ്യാറാക്കിയ ഭേദഗതി നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ വിവാദമായത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം കിട്ടുകയും മന്ത്രിമാരുടെ അധികാരം കുറയുകയും ചെയ്യുന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളെന്നാണ് ആക്ഷേപം. അതാത് വകുപ്പുകളുടെ ചുമതല മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിക്ക് കൂടി കിട്ടുന്ന രീതിയിലാണ് ഭേദഗതി നിര്‍ദ്ദേശം. നിലവില്‍ പ്രധാന ഫയലുകളെല്ലാം മന്ത്രിമാര്‍ കണ്ട് മാത്രമേ തീര്‍പ്പാക്കാന്‍ കഴിയൂ. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം സെക്രട്ടറിമാര്‍ക്ക് തന്നെ ഫയല്‍ തീര്‍പ്പാക്കാം.

മന്ത്രിമാര്‍ മുഖേന അല്ലാതെ മുഖ്യമന്ത്രിക്ക് സെക്രട്ടറിമാര്‍ വഴി ഫയലുകള്‍ വിളിപ്പിക്കാനും അധികാരം നല്‍കുന്നു. മന്ത്രിമാര്‍ വിദേശയാത്ര പോകുമ്പോള്‍ നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ഗവര്‍ണ്ണറാണ് പകരം ചുമതല മറ്റൊരാള്‍ക്ക് നല്‍കുന്നത്. പുതിയ ഭേദഗതി അനനുസരിച്ച് മുഖ്യമന്ത്രിക്ക് തന്നെ അതിന് അധികാരമുണ്ടാകും. ഭേദഗതിയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ മന്ത്രിസഭ നിയോഗിച്ച നിയമ മന്ത്രി അധ്യക്ഷനായ ഉപസമിതി യോഗത്തിലാണ് റവന്യു മന്ത്രി എതിര്‍പ്പ് അറിയിച്ചത്.