
കോസ്മെറ്റിക് സർജറികൾക്ക് അടിമപ്പെട്ട നിരവധി പേർ ലോകത്തുണ്ട്. അത്തരത്തിലൊരാളാണ് ഉക്രെയിനിൽ നിന്നുള്ള ഈ ഇൻസ്റ്റഗ്രാം മോഡൽ. ലോകത്തെ ഏറ്റവും വലിയ കവിളുകളോട് കൂടിയ സ്ത്രീ എന്നാണ് 30 കാരിയായ അനസ്തേഷ്യ പൊക്രെഷ്ചുക് അറിയപ്പെടുന്നത്. എന്നാൽ തന്റെ കവിളുകളുടെ വലിപ്പം അത്ര പോരെന്നും ഇനിയും കൂട്ടണമെന്നുമാണ് അനസ്തേഷ്യ പറയുന്നത്. ഉടൻ തന്നെ അത് സാദ്ധ്യമാകുമെന്നും അവർ പറയുന്നു.
നാല് വർഷം മുമ്പാണ് അനസ്തേഷ്യയുടെ കവിളിൽ ആദ്യമായി ഫില്ലറുകൾ കുത്തിവച്ചത്. തുടർന്ന് കൃത്രിമമായി ഫില്ലറുകൾ കുത്തിവച്ച് മുഖം അടിമുടി മാറ്റുന്നത് അനസ്തേഷ്യയുടെ ശീലമായി മാറി. കാണുന്നവർക്ക് വികൃതമായി തോന്നുമോ എന്നതൊന്നും അനസ്തേഷ്യയ്ക്ക് വിഷയമല്ല. ഫില്ലറുകൾ സ്വയം കുത്തിവയ്ക്കാനും അനസ്തേഷ്യയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 220,000 ത്തിലേറെ ഫോളോവേഴ്സാണ് അനസ്തേഷ്യയ്ക്കുള്ളത്.

ഓരോ തവണയും ഫില്ലറുകൾക്കായി 2,000 ഡോളറിലേറെയാണ് അനസ്തേഷ്യ ചെലവാക്കുന്നത്. തന്റെ മുഖത്ത് ആകെ എത്ര തവണ സർജറികളും ഇൻജെക്ഷനുകളും നടന്നെന്ന് ഇപ്പോൾ അനസ്തേഷ്യയ്ക്ക് കൃത്യമായി അറിയില്ല എന്നതാണ് സത്യം.
കവിളുകൾ മാത്രമല്ല, ചുണ്ട്,വായ, താടി എന്നിങ്ങനെ അനസ്തേഷ്യയുടെ മുഖത്ത് ഇനി സജർറികൾ നടക്കാൻ ഒരിടവും ബാക്കിയില്ല. നെറ്റിയിലെ ചുളിവുകൾ മാറ്റാൻ ബോട്ടെക്സ് കുത്തിവയ്ക്കാറുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശത്തോടെയാണ് താൻ ഓരോ തവണയും സർജറികൾ ചെയ്യുന്നതെന്നും അതുകൊണ്ട് ഒട്ടും ഭയമില്ലെന്നും അനസ്തേഷ്യ പറയുന്നു. ഓൺലൈനായി കോസ്മറ്റോളജി പഠിക്കുകയാണ് അനസ്തേഷ്യ ഇപ്പോൾ.