
വാർസോ: പോളണ്ടിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ഉപേക്ഷിക്കപ്പെട്ട കൂറ്റൻ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.1945ൽ യുദ്ധകപ്പൽ തകർക്കാനായി വ്യോമസേന അയച്ച ടാൽബോയ് എന്നറിയപ്പെടുന്ന ഭൂകമ്പ ബോംബാണ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ ആളപായം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഉത്തര പൊളണ്ടിലെ ബാൾട്ടിക് കടലിൽ പൊട്ടിത്തെറിക്കാതെ കിടന്നിരുന്ന ബോംബ് കഴിഞ്ഞ വർഷമാണ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ഈ ബോംബിൽ 2.4 ടൺ സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നു. ബോബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി സമീപപ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ ഒഴിപ്പിച്ചിരുന്നു. സാധാരണരീതിയിലുള്ള പൊട്ടിത്തെറിയിലൂടെ ബോംബ് നിർവീര്യമാക്കിയാൽ കൂടുതൽ നാശനഷ്ടമുണ്ടാകുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത്. ഇതിനാൽ പൊട്ടിത്തെറിക്ക് കാരണമാകാതെ സ്ഫോടനാത്മക വസ്തുക്കൾ കത്തിച്ചുകളുയുന്ന ഡിഫ്ലഗ്രേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബോംബ് നിർവീര്യമാക്കിയത്. എന്നാൽ പ്രക്രിയയുടെ അവസാന ഘട്ടത്തിൽ ബോംബ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.
കടലിനുള്ളിൽവച്ചാണ് ബോംബ് പൊട്ടിതെറിച്ചത്. ഇത് 500 മീറ്റർ അകലെയുള്ള പാലം തകർക്കുമോയെന്ന് വിദഗ്ദ്ധർ ആശങ്കപ്പെട്ടിരുന്നു. പൊട്ടിത്തെറിയിൽ ബോംബ് നിർവീര്യമാക്കാൻ പങ്കെടുത്തവരിൽ ആർക്കും തന്നെ അപകടം സംഭിച്ചിട്ടില്ലെന്നും സമീപ പ്രദേശങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.