mehabooba-mufti

ശ്രീനഗർ: വീട്ടുതടങ്കലിൽ നിന്നും മോചിതയായ മെഹബൂബ മുഫ്തിയെ സന്ദർശിച്ച് നാഷണൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുള്ളയും മകൻ ഒമർ അബ്ദുള്ളയും. മുഫ്തിയുടെ ഗുപ്കറിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. പ്രദേശിക രാഷ്ട്രീയ പാർട്ടികളുടെ സംയുക്തയോഗത്തിലേക്ക് പി.ഡി.പി നേതാവ് കൂടിയായ മുഫ്തിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പതിനാലര മാസത്തെ വീട്ടുതടങ്കലിൽ നിന്നും മോചിതയായ മുഫ്തിയുടെ ക്ഷേമം തിരക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ഇന്ന് നടക്കുന്ന സംയുക്ത യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുകയും ഗുപ്കർ പ്രഖ്യാപനത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫാറൂഖിന്റെ സന്ദർശനം നല്ലകാര്യമാണെന്നാണ് മുഫ്തിയും പ്രതികരിച്ചത്. അദ്ദേഹത്തോട് സംസാരിച്ചത് തനിക്ക് ആത്മവിശ്വാസം നല്‍കി. ഒരുമിച്ച് നിന്ന് പലകാര്യങ്ങളിലും മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും അവർ ട്വീറ്റ് ചെയ്തു.