
തിരുവനന്തപുരം: ഇടതുമുന്നണിക്കൊപ്പം കൂടാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം രാഷ്ട്രീയ വഞ്ചനയാണെന്നും കെ.എം.മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ നെഞ്ചിലേറ്രിയ ജനവിഭാഗം ഇത് അംഗീകരിക്കില്ല. മാണി ബഡ്‌ജറ്ര് അവതരിപ്പിക്കാതിരിക്കാൻ ഇടതുപക്ഷം നിയമസഭയിൽ കാണിച്ച വിക്രിയ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്.
ജോസ് കെ. മാണിയുടേതുപോലെ ഇടതുമുന്നണിയുടെയും രാഷ്ട്രീയ പാപ്പരത്തമാണ് ഇതിലൂടെ വെളിവാകുന്നത്. മാണിയുടെ രക്തത്തിനായി ദാഹിച്ചവർ അതേ പാർട്ടിയെ സ്വീകരിച്ചിരുത്തുന്നത് രാഷ്ട്രീയ അവസരവാദമാണ്. ജോസ് വിഭാഗത്തിന്റെ അപക്വമായ നിലപാടുമൂലമാണ് പാലായിൽ തോറ്റത്.
പിതാവിനെ അപമാനിച്ചവരുടെ പക്കൽ എന്തിനെത്തിയെന്ന് ജോസ് പറയണം. അഴിമതിക്കാരുടെ മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് പോകുന്നത്. ഇതിന് എൽ.ഡി.എഫും ജോസ് കെ.മാണിയും കനത്തവില നൽകേണ്ടിവരും. കെ.എം.മാണിയോട് കാട്ടിയ അപരാധത്തിന് ആരോപണം പിൻവലിച്ച് ഇടതുമുന്നണി മാപ്പ് പറയണം.
കാപ്പനുമായി ചർച്ച നടത്തിയിട്ടില്ല
മാണി സി. കാപ്പനുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല. എം.എം. ഹസ്സൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ഇടതുമുന്നണിയിൽ ചേരാനുള്ള നാടകത്തിന് മാണി വിഭാഗം റിഹേഴ്സൽ നടത്തിയിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.