ipl-delhi

ദുബായ് : ജയിക്കാമായിരുന്ന ചേസിൽ അവസാനഘട്ടത്തിലെ നിരുത്തരവാദപരമായ ബാറ്റിംഗ് കാരണം കാലിടറിവീണ് രാജസ്ഥാൻ റോയൽസ്.ഇന്നലെ 13 റൺസിന് രാജസ്ഥാനെ കീഴടക്കിയ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ ആറാം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു.ആവേശകരമായ രണ്ട് ചേസിംഗ് വിജയങ്ങൾ നൽകിയ രാഹുൽ തെവാത്തിയ ക്രീസിലുണ്ടായിരുന്നിട്ടും 15പന്തുകളിൽ 27 റൺസ് എന്ന ലക്ഷ്യം നേടാനാകാതെയാണ് രാജസ്ഥാൻ അഞ്ചാം തോൽവി ഇരന്നുവാങ്ങിയത്.

ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തപ്പോൾ രാജസ്ഥാന്റെ മറുപടി 148/8ൽ അവസാനിക്കുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ ശിഖർ ധവാനും (57), ശ്രേയസ് അയ്യരുമാണ് (53) തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്.മറുപടിക്കിറങ്ങിയ രാജസ്ഥാൻ നിരയിൽ ബെൻ സ്റ്റോക്സും (42), ബട്ട്‌ലറും (22) സഞ്ജു സാംസണും(18 പന്തുകളിൽ 25 റൺസ്) റോബിൻ ഉത്തപ്പയും( 32) വിജയപ്രതീക്ഷനൽകിയെങ്കിലും 18-ാം ഓവറിൽ ഉത്തപ്പ പുറത്തായതോടെ കളിയുടെ ഗതിമാറി. തുടർന്ന് ക്രീസിൽ ഉണ്ടായിരുന്ന തെവാത്തിയയ്ക്ക് 18 പന്തുകളിൽ 14 റൺസാണ് ആകെ നേടാനായത്. ഡൽഹിക്കായി നോർട്ടേയും ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ പന്തിൽത്തന്നെ പൃഥ്വി ഷായെ(0) ക്ളീൻ ബൗൾഡാക്കി തകർപ്പൻ തുടക്കമാണ് ജൊഫ്ര ആർച്ചർ രാജസ്ഥാൻ റോയൽസിന് നൽകിയത്. പകരമിറങ്ങിയ അജിങ്ക്യ രഹാനെയെയും(2) നിലയുറപ്പിക്കാൻ അനുവദിക്കാതെ ആർച്ചർതന്നെ പറഞ്ഞുവിട്ടു.മൂന്നാം ഓവറിൽ ഉത്തപ്പയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു രഹാനെ.ഇതോടെ ഡൽഹി 10/2 എന്ന നിലയിലായി.

മൂന്നാം വിക്കറ്റിൽ ക്രീസിലൊരുമിച്ച ഓപ്പണർ ശിഖർ ധവാനും നായകൻ ശ്രേയസ് അയ്യരും കൂട്ടിച്ചേർത്ത 85 റൺസാണ് ഡൽഹിയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.സാഹചര്യം മനസിലാക്കി വീശിക്കളിച്ച ധവാൻ 33 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കമാണ് 57 റൺസടിച്ചത്. ശ്രേയസ് ഗോപാലിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച ധവാനെ 12-ാം ഒാവറിൽ കാർത്തിക് ത്യാഗിയാണ് പിടികൂടിയത്. തുടർന്നെത്തിയ സ്റ്റോയ്നിസിനെ(18)ക്കൂട്ടി ശ്രേയസ് 13-ാം ഓവറിൽ ടീമിനെ 100 കടത്തി.

16 ഓവറിൽ ടീം സ്കോർ 132ലെത്തിയപ്പോഴാണ് ശ്രേയസ് പുറത്തായത്.43 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സും പായിച്ച ഡൽഹി ക്യാപ്ടനെ ത്യാഗിയുടെ പന്തിൽ ആർച്ചർ പിടികൂടുകയായിരുന്നു.തുടർന്ന് സ്റ്റോയ്നിസും അലക്സ് കാരേയും (14)ചേർന്ന് 19-ാം ഓവറിൽ 150 കടത്തി. 19-ാം ഓവറിന്റെ അവസാന പന്തിൽ സ്റ്റോയ്നിസിനെയും അവസാന ഓവറിന്റെ നാലാം പന്തിൽ കാരേയെയും അവസാന പന്തിൽ അക്ഷർ പട്ടേലിനെയും (7) നഷ്ടമായി​.

രാജസ്ഥാന് വേണ്ടി​ ആർച്ചർ നാലോവറി​ൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.ജയ്ദേവ് ഉനദ്കദിന് രണ്ട് വിക്കറ്റ് ലഭിച്ചു.കാർത്തിക് ത്യാഗിക്കും ശ്രേയസ് ഗോപാലിനും ഓരോ വിക്കറ്റും ലഭിച്ചു.

മറുപടിക്കിറങ്ങിയ രാജസ്ഥാന് ബെൻ സ്റ്റോക്സും (42), ബട്ട്‌ലറും (22) ചേർന്ന് നല്ല തുടക്കമിട്ടു. മൂന്നാം ഓവറിൽ ബട്ട്‌ലറും അടത്തഒാവറിൽ നായകൻ സ്മിത്തും (1) പുറത്തായെങ്കിലും സഞ്ജു സാംസണും(18 പന്തുകളിൽ 25 റൺസ്) റോബിൻ ഉത്തപ്പയും(27 പന്തിൽ 32) ചേർന്ന് റൺറേറ്റ് താഴാതെ നോക്കി. രണ്ട് പടുകൂറ്റൻ സിക്സുകൾ പായിച്ച സഞ്ജുവിനെ 12-ാം ഓവറിൽ അക്ഷർ പട്ടേൽ ക്ളീൻ ബൗൾഡാക്കുമ്പോൾ ടീം സ്കോർ 97/4 എന്ന നിലയിലെത്തിയിരുന്നു.പകരമിറങ്ങിയ റയാൻ പരാഗ്(1) റൺഔട്ടായെങ്കിലും ഉത്തപ്പയും തെവാത്തിയയും ചേർന്ന് മുന്നോട്ട് നീങ്ങി.18-ാം ഒാവറിൽ ഉത്തപ്പയെ നോർട്ടേ ബൗൾഡാക്കി.

ഇന്നത്തെ മത്സരം

ബാംഗ്ളൂർ Vs പഞ്ചാബ്

(രാത്രി 7.30 മുതൽ)

ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർക്ക് ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ഫീൽഡിംഗിനിടെ പരിക്കേറ്റു. ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെ ശ്രേയസിന്റെ തോളിനാണ് പരിക്കേറ്റത്. റിഷഭ് പന്ത്,ഇശാന്ത് ശർമ്മ തുടങ്ങിയവർക്ക് പിന്നാലെ ശ്രേയസിനും പരിക്കേറ്റത് ഡൽഹിക്ക് തിരിച്ചടിയായിട്ടുണ്ട്.