usa

വാഷിംഗ്ടൺ: വരാനിരിക്കുന്ന പ്രസി‌ഡൻഷ്യൽ തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ വംശജരായ വോട്ടർമാരിൽ 70 ശതമാനം ആളുകളും പിന്തുണ നൽകുന്നത് ജോ ബൈഡനെന്ന് സർവ്വേ റിപ്പോർട്ടുകൾ. ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ പ്രകാരം 22 ശതമാനം പേർ മാത്രമാണ് ഡൊണാൾഡ് ട്രംപിന് പിന്തുണ നൽകുന്നത്.

20 ദിവസങ്ങളിലായി കഴിഞ്ഞ മാസം ഓൺലൈനിലൂടെയാണ് സർവേ നടത്തിയത്. ഇതിൽ പങ്കെടുത്ത 936 ഇന്ത്യൻ അമേരിക്കക്കാരിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് പ്രകാരം ഭൂരിഭാഗം ആളുകളും ഡെമോക്രാറ്റിക്ക് പാർട്ടിക്ക് പിന്തുണ അറിയിക്കുന്നു. യു.എസ്-ഇന്ത്യ ബന്ധം അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ വോട്ടിംഗ് തീരുമാനത്തിൽ ഒരു വലിയ ഘടകമായി കണക്കാക്കാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധത്തെ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്ന് വലിയ പിന്തുണ അവകാശപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇത് പ്രയോജനം ചെയ്യില്ലെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്.

അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനായി രജിസ്റ്റർ ചെയ്ത യു.എസ് വോട്ടർമാരിൽ ഒരു ശതമാനത്തിൽ താഴെയാണ് ഇന്ത്യൻ വംശജരായ വോട്ടർമാരുള്ളത്. എന്നിരുന്നാലും വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ അമേരിക്കൻ വോട്ടുകൾ സുപ്രധാനമാണ്.