pepparadam
പേപ്പാറ ഡാമിലെ നാല് ഷട്ടറുകളും ഇന്നലെ തുറന്നപ്പോൾ

വിതുര: ശക്തമായി തുടരുന്ന കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശം. വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. വനമേഖലയിലാണ് കൂടുതൽ മഴ ലഭിച്ചത്. പൊൻമുടി, പേപ്പാറ, ബോണക്കാട് വനാന്തരങ്ങളിൽ മഴ തകർത്ത് പെയ്യുകയാണ്. രാത്രിയിൽ ആരംഭിക്കുന്ന മഴ പുലർച്ചവരെ തുടരുന്ന സ്ഥിതിയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും വ്യാപക കൃഷിനാശവും സംഭവിച്ചു.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. നിരവധി വീടുകളിൽ വെള്ളംകയറി. പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വയലേലേകൾ നികത്തി നിർമ്മിച്ച വീടുകൾക്കാണ് ഏറെ നാശം സംഭവിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും സംഭവിച്ചു. മഴയിലും കാറ്റിലും മരച്ചില്ലകൾ ഒടിഞ്ഞും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകളിൽ വീണതിനാൽ മിക്ക മേഖലകളിലും വൈദ്യുതി വിതരണവും നിലച്ചു. ജീവനക്കാർ ഏറെ പണിപ്പെട്ടാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.

കല്ലാറിൽ വെള്ളപ്പൊക്കം

പൊൻമുടി, ബോണക്കാട് വനാന്തരങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് കല്ലാറിൽ മലവെള്ളപ്പാച്ചിലും വ്യാപകമായി കരയിടിച്ചിലും ഉണ്ടായി. വാമനപുരം നദി പല സ്ഥലങ്ങളിലും കരകവിയുകയും ഗതിമാറി ഒഴുകുകയും ചെയ്തതോടെ തീരപ്രദേശത്ത് താമസിക്കുന്നവർ ഭീതിയുടെ നടുവിലാണ്.

പാലങ്ങൾ വെള്ളത്തിനിടയിൽ

വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പൊന്നാംചുണ്ട്, ചെറ്റച്ചൽ പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിനടിയിലാകുകയും വിതുര, പൊന്നാംചുണ്ട്, തെന്നൂ‌ർ റൂട്ടിൽ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തു. ഇതോടെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു. വിതുര, തൊളിക്കോട് പഞ്ചായത്തിലെ മിക്ക ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലാണ്.

പേപ്പാറ ഡാം തുറന്നു

വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനാൽ പേപ്പാറ ഡാമിലെ ജലനിരപ്പും ഉയർന്നു. ഇന്നലെ രാവിലെ ഡാമിന്റെ രണ്ട് ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ വീതം ഉയർത്തിയിരുന്നു. വീണ്ടും മഴ കനത്തതിനാൽ ഉച്ചയോടെ മറ്റ് രണ്ട് ഷട്ടറുകളും അഞ്ച് സെന്റീമീറ്റർ ഉയർത്തി. നിലവിൽ ഡാമിലെ ജലനിരപ്പ്107.75 അടിയാണ്. അരുവിക്കര ഡാമിലെ ഷട്ടറുകളും ഉയർത്തിയതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.