
ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആഷിഷ് എന്ന ഛോട്ടുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിനിടെ മോട്ടോർ ബൈക്കിൽ വരികയായിരുന്ന ഛോട്ടുവിനെ പൊലീസ് പിടികൂടുകയായിരുന്നു. രക്ഷപെടാനായി പൊലീസിന് നേരെ ഇയാൾ വെടിവച്ചിരുന്നു. എന്നാൽ, പൊലീസ് പ്രതിരോധിച്ചു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പക്കൽ നിന്ന് തോക്കടക്കമുള്ള ആയുധങ്ങൾ പിടിച്ചെടുത്തു. എന്നാൽ, പ്രതി എന്തിനാണ് കൃത്യം നടത്തിയതെന്നതടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. പെൺകുട്ടികൾ സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാൾ ആസിഡ് ഒഴിച്ചത്. മൂന്നു പേരും പൊള്ളലേറ്റ് ചികിത്സയിലാണ്. അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.