
മോസ്കോ : സ്പുട്നിക് V ന് പിന്നാലെ റഷ്യ തങ്ങളുടെ രണ്ടാമത്തെ കൊവിഡ് 19 വാക്സിനും അംഗീകാരം നൽകി. പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. സൈബീരിയയിലെ സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ( വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട് ) വികസിപ്പിച്ച ' എപിവാക് കൊറോണ ' ( EpiVacCorona ) എന്ന വാക്സിനാണ് അംഗീകാരം നൽകിയിരുക്കുന്നത്.
റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നികിൽ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണ. ഓരോ വോളന്റിയർമാരിലും എപിവാക് കൊറോണയുടെ രണ്ട് ഡോസുകൾ വീതമാണ് കുത്തിവച്ചത്. ലോകത്തെ ഏറ്റവും പ്രശസ്തമായ വൈറസ് റിസർച്ച് സെന്ററുകളിൽ ഒന്നാണ് സൈബീരിയയ്ക്ക് അടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിൽ സ്ഥിതി ചെയ്യുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ട്.
നാല് ദശാബ്‌ദത്തിലേറെയായി പ്രവർത്തിക്കുന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിന് എബോളയുൾപ്പെടെയുള്ള രോഗങ്ങൾക്ക് പ്രതിരോധ വാക്സിൻ വിജയകരമായി വികസിപ്പിച്ചെടുത്ത ചരിത്രമുണ്ട്. മാർച്ചിൽ തന്നെ കൊവിഡ് വാക്സിനായുള്ള ഗവേഷണങ്ങൾ വെക്ടറിൽ തുടങ്ങിയിരുന്നു. 14 പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 43 പേർക്കായിരുന്നു വാക്സിൻ നൽകിയത്.
ഓഗസ്റ്റിലാണ് മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നികിന് അംഗീകാരം നൽകിയത്. സ്പുട്നികിന് നൽകിയത് പോലെ തന്നെ വെക്ടറിന്റെ വാക്സിനും മനുഷ്യരിലെ മൂന്നാം ഘട്ട ട്രയൽ പൂർത്തിയാക്കാതെയാണ് അംഗീകാരം നൽകിയിരിക്കുന്നത്. 30,000 പേരെ പങ്കെടുപ്പിച്ചുള്ള മൂന്നാം ഘട്ട ട്രയൽ ഉടൻ നടക്കും. എപിവാക് കൊറോണയുടെ വൻ തോതിലുള്ള ഉത്പാദനം നവംബറിലോ ഡിസംബറിലോ ആരംഭിക്കുമെന്നാണ് സൂചന.