
ഹെെദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ ഒരു ദിവസമായി തുടരുന്ന പേമാരിയിൽ 20 പേർ മരിച്ചതായി റിപ്പോർട്ടുകൾ. കനത്ത മഴയെ തുടർന്ന് ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലുമായി 17 പേരും നാഗാർക്കർനൂൾ ജില്ലയിൽ വീട് തകർന്ന് വീണ് മൂന്ന് പേരുമാണ് മരിച്ചത്. പേമാരിയെ തുടർന്ന് അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലും വിവിധ ഭാഗങ്ങളിലുമായി പത്തോളം പേർ മരിച്ചു.
ഹൈദരാബാദിലെ ബന്ദ്‌ലഗുഡയിൽ മതിലുകൾ തകർന്ന വീണ് മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ സഹായത്തോടെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും ജീവനോടെയുണ്ടോയെന്നും പരിശോധന നടത്തി. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വെള്ളപൊക്കത്തിൽ രണ്ട് പേർ ഒഴുകിപോയതായി റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദേശീയ ദുരന്ത നിവാരണ സേന ബന്ദാങ്‌പേട്ട് പ്രദേശത്തുനിന്ന് 74 പേരെ ഇതുവരെ രക്ഷപ്പെടുത്തി. വെള്ളം കയറി മുങ്ങിയ സ്ഥലങ്ങളിൽ നിന്ന് ആളുകളെ എയർ ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തുന്നതിനായി ഇന്ത്യൻ ആർമി ഹെലികോപ്റ്റർ സർവീസുകൾ ഏർപ്പെടുത്തി. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ ജി.എച്ച്.എം.സി ബോട്ടുകൾ വിന്യസിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ഹൈദരാബാദിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചു. വൈകുന്നേരം 6 മണിക്ക് ശേഷം മഴയുടെ തീവ്രത വർദ്ധിക്കുകയും നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തുകയുമായിരുന്നു.