
തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.55നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. സെപ്‌തംബർ 24നാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം പുതൂർ പുരസ്‌കാരവും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. സംസ്‌ക്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയായിരുന്നു അക്കിത്തം. 2008ൽ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 2012ൽ വയലാർ പുരസ്‌ക്കാരം ലഭിച്ചു. പിന്നാലെ രാജ്യം അദ്ദേഹത്തിന് പദ്‌മശ്രീയും നൽകി. എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായാണ് അക്കിത്തം അച്യുതൻ നമ്പൂതിരി ജനിച്ചത്. ബാല്യത്തിൽ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946 മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്.
''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ എന്നാണ് മലയാള സാഹിത്യം വിശേഷിപ്പിച്ചിരുന്നത്. മനുഷ്യത്വത്തിൽ ഊന്നിയതായിരുന്നു അക്കിത്തത്തിന്റെ കവിതകളെല്ലാം. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്റെ കവിതകൾ വിലയിരുത്തപ്പെട്ടു.
1956 മുതൽ കോഴിക്കോട് ആകാശവാണിയിലായിരുന്നു അദ്ദേഹം സേവനമനുഷ്‌ടിച്ചത്. 1975ൽ ആകാശവാണി തൃശൂർ നിലയത്തിന്റെ എഡിറ്ററായി. 1985ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ബലിദർശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, മന:സാക്ഷിയുടെ പൂക്കൾ, അരങ്ങേറ്റം, പഞ്ചവർണ്ണക്കിളി, സമത്വത്തിന്റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹമെഴുതി. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളെഴുതി.
അക്കിത്തത്തിന്റെ ''ഈ ഏട്ത്തി നൊണേ പറയൂ'', എന്ന കുട്ടികൾക്കുള്ള നാടകം പ്രശസ്‌തമാണ്. ബലിദർശനത്തിന് 1972ൽ കേരളസാഹിത്യ അവാർഡ് ലഭിച്ചു. പിന്നാലെ 1973ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും അത്തിത്തത്തെ തേടിയെത്തി. ഓടക്കുഴൽ, സഞ്ജയൻ പുരസ്‌ക്കാരങ്ങളടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചിത്രകാരൻ അക്കിത്തം നാരായണനാണ് കവിയുടെ സഹോദരൻ. മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.