akkitham

പാലക്കാട്: അപരന് വേണ്ടിയുളള സമർപ്പണമാണ് അക്കിത്തത്തിന്റെ കവിതയിലുടനീളം കാണാൻ കഴിയുന്നത്. വേദോപാസനയുടെ അരണി കടഞ്ഞുണർത്തിയ കവിതയുടെ അഗ്നിയിൽ പുതിയ കാലത്തിന്റെ ഉത്കണ്‌ഠകളെയും വേദനകളെയും ജ്വലിപ്പിച്ച മഹാകവിയാണ് അക്കിത്തം. തത്വചിന്തയും സാമൂഹ്യ വിമ‌ർശനവും കാച്ചിക്കുറുക്കി, 'വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം' എന്നെഴുതി മലയാള കവിതയുടെ നെഞ്ചിലേക്ക് ആധുനികതയുടെ തീക്കനൽ കോരിയിട്ട അക്കിത്തം അച്യുതൻ നമ്പൂതിരി മലയാള ഭാഷയ്‌ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമാണ്.

കാരുണ്യവും ഭാരതീയ തത്വചിന്തയും മൂല്യങ്ങളും ആധുനികതയും പാരമ്പര്യവും പ്രതിഫലിക്കുന്നതാണ് അക്കിത്തത്തിന്റെ രചനകൾ. ഈ കാരണങ്ങൾ കൊണ്ടാണ് രാജ്യത്തിന്റെ അമ്പത്തിഅഞ്ചാമത് ജ്ഞാനപീഠ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയത്. ജി. ശങ്കരക്കുറുപ്പ്, (1965) എസ്.കെ. പൊറ്റെക്കാട്ട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007) എന്നിവർക്കു ശേഷം, ജ്ഞാനപീഠം നേടുന്ന ആറാമത് മലയാളിയായിരുന്നു അക്കിത്തം.

വേദങ്ങളിൽ കവിത കുറുക്കിയ ബാല്യമായിരുന്നു അക്കിത്തത്തിന്റേത്. ഉണ്ണിനമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയിലൂടെ പത്രപ്രവർത്തകനായി. കോഴിക്കോട്, തൃശൂർ ആകാശവാണിയിൽ ജോലിചെയ്തു. ദേശീയപ്രസ്ഥാനത്തിലും കേരളീയ നവോത്ഥാനത്തിലും സജീവമായിരുന്നു. സമുദായ നവീകരണത്തിലും പങ്കാളിയായി. ഒരേസമയം ഭാരതീയ വേദേതിഹാസങ്ങളുടെ ഹൃദയത്തിലേക്കും പരിഷ്‌കരണ ചിന്തകളിലൂടെ ആധുനികതയിലേക്കും ചിറകു വിടർത്തുന്ന കവിതകളിൽ അക്കിത്തം നിറച്ചുവച്ചത് കാലത്തിന്റെ കനലുകളാണ്.

കവിത, നാടകം, ചെറുകഥ, ഉപന്യാസം, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ ശാഖകളിലായി 55 കൃതികൾ രചിച്ചു. 45 എണ്ണവും കവിതാസമാഹാരങ്ങൾ. വിദേശഭാഷകളിലേക്ക് ഉൾപ്പെടെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണീ' എന്ന വരികളിൽ നിന്നായിരുന്നു മലയാളകവിതയിൽ ആധുനികതയുടെ അഗ്നിജ്വലനം.