
ലക്‌നൗ: കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉത്തർപ്രദേശിൽ വീട്ടമ്മ ആറുവയസുകാരിയായ മകളെ കൊന്നു. ഹാൻഡിയ പൊലീസ് സ്റ്റേഷനിലെ ബെസ്കി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഉഷാദേവിയെ പൊലീസ് അറസ്റ്റുചെയ്തു.
ഉഷാദേവിക്ക് മകളെ കൂടാതെ രണ്ട് ആൺമക്കളുമുണ്ട്. അപകടത്തെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഭർത്താവ്. അതോടെ അഞ്ചംഗ കുടുംബത്തെ പുലർത്തേണ്ട ചുമതല ഉഷാദേവിയുടെ ചുമലിലായി. അന്നത്തെ അന്നത്തിനുളള വകപോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ മകളുടെ ഭാവിയിൽ ഉഷാദേവിക്ക് ആശങ്ക ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഭാവിയിൽ അവളുടെ വിവാഹത്തിന് എങ്ങനെ പണം കണ്ടെത്തുമെന്നും ഇവർ ആശങ്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് മകളെ കൊല്ലാൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസമാണ് കൊലപാതകം നടത്തിയത്.നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉഷാദേവിക്ക് മാനസിക പ്രശ്നങ്ങളുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.