toilet

ഭുവനേശ്വർ:വൃദ്ധയും മൂന്ന് പേരക്കുട്ടികളും താമസിക്കുന്നത് ടോയ്‌ലറ്റിൽ. ഒഡീഷയിലെ അൻഗുൽ ജില്ലയിലാണ് സംഭവം. തൊഴിൽ രഹിതയായ ബിമല പ്രധാനാണ് പേരക്കുട്ടികളുമായി മാസങ്ങൾക്കുമുമ്പ് ടോയ്‌ലറ്റിൽ താമസമാക്കിയത്. കുട്ടികളുടെ അമ്മ മരിക്കുകയും അച്ഛൻ ഉപേക്ഷിച്ച് പോവുകയും ചെയ്തതോടെയാണ് കുട്ടികളുടെ സംരക്ഷണച്ചുമതല ബിമലയുടെ ചുമലിലായത്.

പുറമ്പോക്കിലെ ചെറിയൊരു മൺകുടിലാണ് ബിമല കുട്ടികൾക്കൊപ്പം ആദ്യം കഴിഞ്ഞിരുന്നത്. എന്നാൽ അടുത്തിടെ ഉണ്ടായ മഴയിൽ കുടിൽ പൊളിഞ്ഞു വീണു. തുടർന്നാണ് കുഞ്ഞുങ്ങൾക്കൊപ്പം ടോയ്‌ലറ്റിലേക്ക് താമസം മാറ്റിയത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി അടുത്തിടെയാണ് ടോയ്‌ലറ്റ് നിർമ്മിച്ചത്.ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന വ്യക്തമായോടെയാണ് അങ്ങോട്ടേക്ക് താമസം മാറ്റിയതെന്നാണ് ബിമല പറയുന്നത്.

രാത്രിയിൽ നാലുപേരുടെയും ഉറക്കം ടോയ്‌ലറ്റിൽ തന്നെയാണ്. പാചകം തൊട്ടടുത്ത തുറസായ സ്ഥലത്തും. ടോയ്‌ലറ്റിന് മേൽക്കൂരയില്ലാത്തതിനാൽ മഴക്കാലം തുടങ്ങുമ്പോൾ എന്തുചെയ്യുമെന്ന് ബിമലയ്ക്ക് ഒരു പിടിയുമില്ല. പേകാൻ വേറൊരിടമല്ല. പകൽ തൊട്ടടുത്ത കാട്ടിലും മറ്റും അലഞ്ഞാണ് അന്നന്ന് കഴിഞ്ഞുകൂടാനുളള വക കണ്ടെത്തുന്നത്. പലപ്പോഴും ഒന്നും കിട്ടാറില്ല. അന്ന് പച്ചവെളളംകൊണ്ട് തൃപ്തിയടയും.

ഇത്രയും പരിതാപകരമായഅവസ്ഥയിലാണ് കഴിയുന്നതെങ്കിലും സർക്കാരിന്റെ ഒരു സഹായവും ബിമലയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നുരണ്ട് തവണ സമീപിച്ചെങ്കിലും ആവശ്യമായ രേഖകൾ ഇല്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്ത താൻ എങ്ങനെ രേഖകൾ സമർപ്പിക്കുമെന്നാണ് ബിമല ചോദിക്കുന്നത്. ഗ്രാമത്തിലെ ചില സന്നദ്ധപ്രവർക്കർ ഇടപെട്ട് ബിമലയെയും കുട്ടികളെയും പുനരധിവസിപ്പിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.