
ആലപ്പുഴ: മദ്ധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രക്തംകൊണ്ട് വളക്കൂറുണ്ടാക്കിയ പുന്നപ്ര- വയലാർ സമരചരിത്രത്തിലെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി'യാണ് വി.എസ്.അച്യുതാനന്ദൻ.സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിടേണ്ടി വന്ന കൊടിയ മർദ്ദനങ്ങൾക്കും പീഡനങ്ങൾക്കും ചരിത്ര കർത്താക്കളുടെ സാക്ഷ്യപത്രം വേണ്ട. അതിന്, ഇടതുകാൽവെള്ളയിൽ ഇപ്പോഴും ശേഷിച്ചിട്ടുള്ള കൊടിയ മുറിവിന്റെ അടയാളം മാത്രം മതി.
ടി.വി.തോമസ്, ആർ.സുഗതൻ, പി.ടി.പുന്നൂസ്, എം.എൻ.ഗോവിന്ദൻ നായർ , പി.കെ.ചന്ദ്രാനന്ദൻ തുടങ്ങിയ നേതാക്കൾക്കൊപ്പം സമരം സംഘടിപ്പിക്കാൻ മുന്നിട്ടു നിന്നത് വി.എസ്.അച്യുതാനന്ദനാണ്.കർഷകരും കർഷക തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിലെ കൈനകരി, കാവാലം, കുന്നുമ്മ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു നിയോഗം. 1946 ഒക്ടോബർ മാസത്തിൽ തൊഴിലാളി സമരം സായുധ സമരത്തിലേക്കു നീങ്ങി.1946 ഒക്ടോബർ 23 ന് (കൊല്ലവർഷം 1122 തുലാം 7- ചരിത്ര രേഖകളിൽ ഇത് ഒക്ടോബർ 24 ) ഉച്ചകഴിഞ്ഞ് പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽ നിന്ന് പുന്നപ്രയിലേക്ക് നടത്തിയ ജാഥയാണ് സായുധ കലാപത്തിലേക്ക് നയിച്ചത്.
കളർകോട് ഭാഗത്തു വച്ച് ജാഥ തടയാൻ പൊലീസ് ശ്രമിച്ചു.വെടിവയ്പ്പിൽ ഒരു തൊഴിലാളി മരിച്ചു. അതോടെ സായുധരായ ജനക്കൂട്ടം പുന്നപ്രയ്ക്ക് അടുത്തുള്ള പൊലീസ് ഔട്ട്പോസ്റ്ര് ആക്രമിച്ചു.വേലായുധൻ നാടാർ എന്ന ഇൻസ്പെക്ടറടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർ മരിച്ചു. തുടർന്നുണ്ടായ വെടിവയ്പ്പിലാണ് 30 ഓളം പേർ കൊല്ലപ്പെട്ടത്. കുട്ടനാട്ടിൽ നിന്ന് ഈ സമരമുഖത്തേക്ക് വോളണ്ടിയർമാരെ രഹസ്യമായി എത്തിക്കുന്ന ദൗത്യമായിരുന്നു വി.എസിന് നൽകിയത്.അത് അദ്ദേഹം സാഹസികമായി നിർവഹിച്ചു.
പൂഞ്ഞാറിൽ ഒളിവിലായിരുന്ന വി.എസിനെ ഒക്ടോബർ 28 ന് പൊലീസ് പിടികൂടി. കൊടിയ മർദ്ദനങ്ങൾക്കൊടുവിൽ ജയിലിന്റെ ഇരുമ്പു വാതിലിൽ കൊണ്ട് കാൽ ഞെരുക്കി വച്ചാണ് അദ്ദേഹത്തിന്റെ കാൽവെള്ളയിൽ പൊലീസ് ബയണറ്റ് കുത്തിയിറക്കിയത്.അപ്പോഴും സിന്ദാബാദ് വിളിച്ചതല്ലാതെ ഒരു രോദനം പോലും വി.എസിൽ നിന്ന് പുറത്തേക്കു വന്നില്ല.