
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. വിശദമായ മറുപടി നൽകാൻ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചു. തുടർന്ന് അദ്ദേഹം ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി.
വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജൻസികൾ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകുമെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.
കേന്ദ്ര ഏജൻസികൾ പലവട്ടം ചോദ്യം ചെയ്‌തതാണെന്നും ഇനിയും സഹകരിക്കാൻ തയാറാണെന്നും ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കി. എന്നാൽ, എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ട്. സ്വപ്ന സുരേഷും കുടുംബവുമായി അടുത്ത സൗഹൃദമായിരുന്നു. അവരുടെ കളളക്കടത്ത് ബന്ധങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു എന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ലോക്കർ തുറക്കാൻ സഹായിച്ചത് സൗഹൃദത്തിന്റെ പേരിലായിരുന്നുവെന്നും ശിവശങ്കർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം സ്വപ്‌ന, സരിത് തുടങ്ങിയവർ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജികൾ പിൻവലിച്ചു. കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് ഉച്ചയ്‌ക്ക് വിധി പറയും.