
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഒരു ദിവസം 680 പേരാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,07,098 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.1,11,266 പേർ മരണമടഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ ആക്‌ടീവ് കേസുകളുടെ എണ്ണം 8.12,390 ആണ്. 63,83,442 പേർ രോഗമുക്തരായി. ഒക്ടോബർ 14 വരെ 9,12,26,305 സാമ്പിളുകൾ പരിശോധിച്ചതായി ഐ.സി.എം.ആർ അറിയിച്ചു. ബുധനാഴ്‌ച 11,36,183 സാമ്പിളുകളാണ് പരിശോധിച്ചത്. 15 ലക്ഷം പേർക്ക് രോഗം ബാധിച്ച മഹാരാഷ്‌ട്രയാണ് രോഗബാധയുളള സംസ്ഥാനങ്ങളിൽ ഒന്നാമത്. 40,000ലേറെ പേർ മഹാരാഷ്‌ട്രയിൽ മാത്രം രോഗം ബാധിച്ച് മരണമടഞ്ഞു. അതേസമയം സംസ്ഥാനത്ത് കൂടുതൽ ലോക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്‌ച 3324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ ആകെ രോഗബാധ 3.17 ലക്ഷം ആയി.44 പേർ ഇന്നലെ മാത്രം മരണമടഞ്ഞു. ഇതോെടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 5898 ആയി.തുടർച്ചയായി രണ്ടാം ദിനമാണ് 3000 ലധികം കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്‌ച 3036 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. 2,89,747 പേർ രോഗം ഭേദമാകുകയോ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ഡിസ്‌ചാർജാകുകയോ ചെയ്‌തു.