jcb

സാധാരണ നമുക്കെല്ലാം ദേഹത്തെവിടെയെങ്കിലും അൽപമൊന്ന് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ നാം എങ്ങനെയെങ്കിലും ആ ചൊറിച്ചിൽ പരിഹരിക്കും. പക്ഷെ ഈ വീഡിയോയിലെ മുതിർന്നയാളെ പോലെ നമ്മളാരും ഇതുവരെ ചൊറിച്ചിൽ മാ‌റ്റിയിട്ടില്ലെന്ന് ഉറപ്പാണ്. പണിസ്ഥലത്തെ ജോലി കഴിഞ്ഞ് ശരീരമാകെ പ‌റ്റിയ പൊടി തോർത്തുപയോഗിച്ച് തുടച്ചുമാ‌റ്റാൻ ശ്രമിച്ചിട്ടും പോയില്ല. പുറമാണെങ്കിൽ ചൊറിഞ്ഞിട്ടും വയ്യ. അപ്പോഴാണ് അടുത്ത് മണ്ണുമാന്തി കണ്ടത്. പിന്നെ ഒട്ടും താമസിച്ചില്ല. മണ്ണുമാന്തി നിയന്ത്രിക്കുന്നയാളുടെ സഹായത്തോടെ അതിന്റെ കൈ കൊണ്ട് പുറത്തെ ചൊറിച്ചിലെല്ലാം മാ‌റ്റി.

കേരളത്തിൽ എവിടെ നിന്നോ ഉള‌ള വീഡിയോയിലാണ് മുതിർന്ന പൗരൻ ഇത്തരത്തിൽ രസകരമായി തന്റെ പുറം ചൊറിച്ചിൽ മാ‌റ്റിയത്. ഫേസ്‌ബുക്കിലെ ഒരു ഗ്രൂപ്പിൽ പോസ്‌റ്റ് ചെയ്‌ത് മൂന്ന് ദിവസത്തിനകം രണ്ട് ലക്ഷം പേർ കാണുകയും രണ്ടായിരത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്‌തു കഴിഞ്ഞു. രസകരമായ നിരവധി കമന്റുകളാണ് പോസ്‌റ്റിന് ലഭിച്ചത്. അതേ സമയം മണ്ണുമാന്തി നിയന്ത്രിച്ചയാൾക്ക് ഒന്ന് തെ‌റ്റിയിരുന്നെങ്കിൽ ചൊറിയാൻ വന്നുനിന്നയാൾ അപകടത്തിലായേനെ എന്നും വീഡിയോ കണ്ടവർ കുറിക്കുന്നുണ്ട്.

ഇതിനുമുൻപും മണ്ണുമാന്തി കൊണ്ട് രസകരമായ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. ലോറിയിൽ നിന്നും താഴെയിറങ്ങാൻ മണ്ണുമാന്തിയുടെ കൈയിൽ കയറുന്ന സ്‌ത്രീകളുടെ വീഡിയോ അത്തരത്തിൽ അവസാനം വന്നതാണ്.