mohanlal-padmapriya-revat

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ ഡബ്ല്യു.സി.സി താരസംഘടനയായ അമ്മയ്‌ക്ക് കത്ത് നൽകി. നടിമാരായ രേവതിയും പദ്‌മപ്രിയയുമാണ് പ്രതിഷേധമറിയിച്ച് അമ്മയ്‌ക്ക് കത്തയച്ചിരിക്കുന്നത്. മോഹൻലാൽ പ്രസിഡന്റായ അമ്മ നേതൃത്വത്തിന് അയച്ച തുറന്നകത്ത് നടിമാർ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു.

അമ്മയിലെ അംഗമെന്ന നിലയിൽ സഹപ്രവർത്തകയായ പാർവതി നൽകിയ രാജി, 2018ൽ ആരംഭിച്ച ഒരു യാത്രയിലേക്ക് തങ്ങളെ തിരികെ കൊണ്ടുപോയെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഒരുപാട് വേദനകളോടെയാണ് ആ യാത്ര ആരംഭിച്ചത്. ചലച്ചിത്രമേഖലയിലെ അഭിനേതാക്കൾ എന്ന നിലയിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നു യാത്ര. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത വിധത്തിൽ പൊതുവേദികളിൽ ചർച്ചകൾക്കുള്ള ഇടം സൃഷ്ടിച്ചതിനാൽ ആ ശ്രമങ്ങൾ ചില വഴികളിൽ ഫലപ്രദമാണ്. എന്നാൽ അമ്മയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലും തങ്ങൾക്ക് സഹകരണമുണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയിൽ നിന്ന് രാജിവച്ച 2018ലെ സാഹചര്യത്തിലേക്കാണ് പാർവതിയുടെ രാജിയും എത്തി നിൽക്കുന്നത്.

അമ്മ നേതൃത്വത്തിലെ ചില അംഗങ്ങൾക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ഒരു ക്രിമിനൽ അന്വേഷണത്തെ അപകീർത്തിപ്പെടുത്താൻ കഴിയും എന്നതിന്റെ ഒരു ഉദാഹരണമാണ് സെക്രട്ടറിയായ ഇടവേള ബാബുവിന്റെ അഭിമുഖം. അമ്പത് ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയിൽ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും അമ്മ സ്വീകരിച്ചില്ല. പകരം അവയെയും അവരുടെ പ്രശ്‌നങ്ങളെയും പൊതുവായി അന്യവൽക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും അമ്മ നടത്തുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നാണ് നടിമാരുടെ ആവശ്യം.

അമ്മ നേതൃത്വത്തിന്റെ കഴിവില്ലായ്‌മ ഒന്നുമാത്രമാണ് എല്ലായ്‌പ്പോഴും തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഭീഷണിയാകുന്നത്. അമ്മയുടെ ജനറൽ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്‌ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനൽ കേസിനെ താഴ്‌ത്തികെട്ടാൻ അമ്മയുടെ നേതൃത്വത്തിലുള്ള ചിലർ ശ്രമിക്കുന്നതാണ് ആ മാതൃക.

ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമർശത്തിൽ അമ്മ നിലപാട് വ്യക്തമാക്കണം. അഭിമുഖത്തിന് പിന്നാലെ ഗണേശ് കുമാർ നടത്തിയ പരാമർശത്തിലും അമ്മ നിലപാട് അറിയിക്കണമെന്നും രേവതിയും പദ്‌മപ്രിയയും ആവശ്യപ്പെടുന്നു.

അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗമായ സിദ്ദിഖിനെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിലും അമ്മ അഭിപ്രായം അറിയിക്കണം. പാർവതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാദ്ധ്യമങ്ങൾ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്തിൽ പറയുന്നു.