akkitham

തിരുവനന്തപുരം: അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണി' എന്ന വരികളിൽ നിന്നായിരുന്നു മലയാളകവിതയിൽ ആധുനികതയുടെ അഗ്നിജ്വലനമുണ്ടായത്. തത്വചിന്തയും സാമൂഹ്യ വിമ‌ർശനവും കാച്ചിക്കുറുക്കി, 'വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം' എന്നെഴുതിയ അക്കിത്തം മലയാള കവിതയുടെ നെഞ്ചിലേക്ക് ആധുനികതയുടെ തീക്കനൽ കോരിയിട്ടാണ് 94-ാം വയസിൽ വിട വാങ്ങിയത്.

കവിതയുടെ അഗ്നിയിൽ ആധുനിക കാലത്തിന്റെ ഉത്കണ്‌ഠകളെയും വേദനകളെയും ജ്വലിപ്പിക്കുകയാണ് അക്കിത്തം തന്റെ കവിതകളിലൂടെ ചെയ്തത്. അപരന്റെ ദുഃഖത്തിൽ എന്നും വേദനിച്ചിരുന്ന അക്കിത്തം ദു:ഖത്തിനൊരു ഔഷധമേയുള്ളൂ,​ അത് നിരുപാധിക സ്‌നേഹം എന്നാണ് ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പറഞ്ഞത്. യുദ്ധക്കെടുതികളും നഗരവത്കരണം സൃഷ്ടിച്ച അരക്ഷിതത്വവും സ്‌നേഹശൂന്യമായ കാലത്തിന്റെ സങ്കടക്കഥകളും തന്റെ കവിതകളിലൂടെ അനുഭവവേദ്യമാക്കിയിട്ടുണ്ട് അക്കിത്തം. ഗാന്ധിയൻ ആത്മീയതയും അതിന്റെ മുഖമുദ്ര യായ മാനവികതയും അക്കിത്തത്തിന്റെ കവിതകളുടെ അന്തർധാരയാണ്. ബലിദർശനം, നിമിഷ ക്ഷേത്രം,അരങ്ങേറ്റം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തം കവിതകൾ, അന്തിമഹാകാലം എന്നിവ പ്രധാന കൃതികൾ.