
പാലക്കാട്: ഇരുളടഞ്ഞ മനുഷ്യദുഃഖങ്ങളെ അക്ഷരവെളിച്ചത്തിലേക്ക് ആവാഹിച്ച കവിതയുടെ ഇതിഹാസമാണ് മഹാകവി അക്കിത്തം. അക്കിത്തം കവിത വായിക്കുന്നവർ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലെത്തുന്നു. ഉത്തമ കവിത ലക്ഷ്യം വെയ്ക്കുന്നതും മനുഷ്യമനസ്സിന്റെ ഈ പരിവർത്തനവും പുനരുജ്ജീവനവുമാണ്.
വിശുദ്ധിയുടെ ഇടതടവില്ലാത്ത കാവ്യഗംഗാ പ്രവാഹമാണ് അക്കിത്തം കവിത. അനാദിയിൽ നിന്നാണ് തന്റെ കവിത ഉദയം കൊള്ളുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. താൻ തന്നെയാണോ ഇക്കണ്ടതൊക്കെയും എഴുതിക്കൂട്ടിയതെന്ന് കവി തന്നെ വസ്മയിച്ചിട്ടുണ്ട്. കവിയ്ക്കും മുകളിൽ കവിത വളരുന്ന ഘട്ടത്തിലാണ് ഈ വിസ്മയമുണ്ടാകുന്നത്. അതുവരെ സംഭവിച്ചിട്ടില്ലാത്ത എന്തോ ഒന്ന് കവിതയിൽ അപ്പോൾ സംഭവിക്കുന്നു.
'അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകിൽ
വമ്പനാം ഈശ്വരൻ വന്നി–
ട്ടെമ്പാടും നാശമാക്കിടും'– എന്ന അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈരടികളാണ് അക്കിത്തത്തിന്റെ മനസ്സിൽ ആദ്യമായി ഉദയം ചെയ്തത്. ഈ വരികൾ എവിടെ നിന്നു വന്നുവെന്ന് ചോദിച്ചാൽ 'അറിയില്ല' എന്ന നിഷ്‌ക്കളങ്കമായ മറുപടിയാണ് ലഭിയ്ക്കുക. തന്നെക്കൊണ്ട് മറ്റാരോ എഴുതിയ്ക്കുന്നു എന്നായിരുന്നു കവിവിശ്വാസം. എഴുതിയതൊന്നിന്റെയും കർത്തൃത്വം ഏറ്റെടുക്കാത്ത നിഷ്‌കാമ കർമ്മയോഗിയുടെ ഭാവം അദ്ദേഹം പുലർത്തിയിരുന്നു. ജീവിതസായന്തനത്തിൽ ഈ ഭാവം കുറേക്കൂടി വളർന്നു. എല്ലാറ്റിനോടും നിസ്സംഗഭാവം പുലർത്തി. എല്ലാറ്റിനെയും ഒന്നായി കാണാൻ തന്റെ കവിത്വം കൊണ്ട് അദ്ദേഹത്തിനു കഴിഞ്ഞു. ജ്ഞാനപീഠം ലഭിച്ച് കവിതയിലെ ഉന്നതശീർഷനായപ്പോഴും അമിതമായി ആഹ്‌ളാദിച്ചില്ല. അതൊന്നും ലഭിച്ചില്ലെന്ന പരിദേവനവും കവിയ്ക്കില്ലായിരുന്നു. ഈ മനോഭാവമാണ് അക്കിത്തത്തെ ഋഷിതുല്യനാക്കിയത്.
ജീവിതത്തിലും എഴുത്തിലും പുലർത്തിയ സമഭാവം അക്കിത്തത്തിന്റെ 'സോഷ്യലിസ'മാണ്. എവിടെയിരുന്നാലും മനുഷ്യന്റെ മുഖത്തു നോക്കുകയും അവന്റെ വ്യഥകളെ കവിതയിലേക്ക് ആവാഹിക്കുകയും ചെയ്ത അക്കിത്തം മനുഷ്യന്റെ എക്കാലത്തെയും വ്യഥയോതിയ കവിയാണ്. 'നാനൃഷി കവി"യെന്ന തത്വം അക്കിത്തത്തിൽ പൂർണമാകുന്നു. മുഖത്തും മനസ്സിലും കരുതിയ നിഷ്‌ക്കളങ്ക ഭാവം അദ്ദേഹത്തിന്റെ കവിതകളിലും പ്രകടമാണ്. വന്ന വഴി മറക്കാത്ത പച്ചമനുഷ്യനെയും കവിതയിലും ജീവിതത്തിലും കാണാം.
പിതാവ് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലും ശിക്ഷണത്തിലും മന്ത്രങ്ങളും ശ്ളോകങ്ങളും ചൊല്ലി തഴക്കം വന്നതായിരുന്നു കവിയുടെ ബാല്യം. ഒരു അനുഷ്ഠാനം പോലെ അതു തുടർന്നു. മന്ത്രങ്ങളിലെ ഓങ്കാരങ്ങൾ ആ ബാലമനസ്സിലെ സർഗാത്മകതയെ ഉണർത്തി. ജ്യോത്സ്യൻ കൂടിയായിരുന്ന കൊടക്കാട്ട് ശങ്കുണ്ണി നമ്പീശന്റെ ശിഷ്യനായി ആറു മാസം തുടർന്നു. അന്ന് കവിഭവനം നിലനിൽക്കുന്ന അമേറ്റിക്കര ദേശം ഇല്ലങ്ങളുടെ നാടായിരുന്നു. എടപ്പാൾ മുതൽ കുമരനെല്ലൂർ വരെ 16 ഇല്ലങ്ങൾ അന്നുണ്ടായിരുന്നു.
മന്ത്രവൈഖരികളുടെ പശ്ചാത്തലത്തിലാണ് പിറന്നതും വളർന്നതുമെങ്കിലും ഇടയ്ക്ക് വിപ്‌ളവജ്വാല കവിയെ പിടികൂടി. നമ്പൂതിരി സമുദായത്തിലെ കൊള്ളരുതായ്മകളെ തൊലി പൊളിച്ചുകാണിച്ച വി.ടി. ഭട്ടതിരിപ്പാടിനെ അക്കിത്തത്തിന് പ്രിയമായി. പത്തു കൊല്ലത്തോളം അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. ആത്മാവിൽ വിപ്‌ളവജ്വാല പടർന്നപ്പോൾ ഇടയ്ക്ക് പൂണൂൽ അഴിക്കുകയും ഇടുകയുമൊക്കെ ചെയ്തിരുന്നു. 'അച്ഛന്റെ അടുത്ത് പോകുമ്പോൾ പൂണൂൽ ഇടും. ഇപ്പറത്തു വന്നാൽ അഴിക്കും. അച്ഛനെ പേടിയാണേ...'– അക്കിത്തം 'കേരളകൗമുദി"ക്ക് അനുവദിച്ച അഭിമുഖത്തിൽ ഒരിയ്ക്കൽ പറഞ്ഞു