tiger

തന്റെ പോ‌റ്റമ്മയായ വനത്തെ സ്നേ‌ഹിക്കുന്നതെന്ന് തോന്നിക്കുന്ന ഒരു കടുവയുടെ മനോഹരമായൊരു ചിത്രം ലോകത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫർക്കുള‌ള അവാർഡ് ഈ വർഷം സെർജി ഗോ‌ർഷ്‌കോവിന് ലഭിക്കാൻ ഇടയാക്കി. റഷ്യയുടെ കിഴക്കേ അ‌റ്റത്തെവിടെയോ ഉള‌ള കാട്ടിനുള‌ളിൽ സെർജി സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ മരത്തെ കെട്ടിപ്പിടിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ നിരൂപകരുടെയും വന്യജീവി സ്നേഹികളുടെയും പ്രശംസയ്‌ക്ക് ഇടയാക്കിയിരിക്കുന്നത്. സൈബീരിയൻ അല്ലെങ്കിൽ അമൂർ വിഭാഗത്തിൽ പെട്ട പെൺ കടുവയുടേതാണ് ചിത്രം.

'ആലിംഗനം' എന്ന ചിത്രത്തിൽ മരത്തിൽ മൃദുവായി ഉരയ്‌ക്കുന്ന കടുവയെ കണ്ടാൽ മരത്തെ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുകയാണെന്ന് തന്നെ തോന്നും. ചിത്രത്തിന്റെ വെയിൽ വീഴുമ്പോഴുള‌ള പ്രകാശ കിരണങ്ങളും ആകെയുള‌ള നിറവും ഒരു പെയിന്റിംഗിന്റേതെന്നപോലെ അനുഭൂതി കാഴ്‌ചക്കാരന് ഉളവാക്കുന്നതാണ്. 'വനത്തിന്റെ ഭാഗമാണ് കടുവ എന്ന് തന്നെ തോന്നിക്കുന്ന ചിത്രമാണതെന്നും കടുവയുടെ വാല് മരത്തിന്റെ വേരുകളുമായി ചേർന്ന് ചിത്രത്തിൽ നിന്ന് തിരിച്ചറിയാനാകാത്ത വിധം ഒന്നെന്ന് തോന്നിക്കും.' ചിത്രം വിലയിരുത്തിയ ജൂറി ഇങ്ങനെ അഭിപ്രായപ്പെട്ടു.

ക്യാമറ ട്രാപ്പ് വഴി സ്ഥാപിച്ച ക്യാമറ ഉപയോഗിച്ചാണ് ചിത്രമെടുത്തത്. മൃഗങ്ങൾ കടന്നുവരുമ്പോൾ തനിയെ ചിത്രങ്ങൾ പകർത്താനാകും. പത്ത് മാസത്തിന് ശേഷമാണ് ക്യാമറ അവിടെ നിന്നും സെർജി പുറത്തെടുത്തത്.

15-17 വയസ് വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഫിൻലന്റിൽ നിന്നുള‌ള ലിനയുടെ കുറുക്കന്റെ ചിത്രത്തിന് ലഭിച്ചു.